ബജറ്റ് 2023 ; നികുതി ഇളവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ രാജ്യം

ദില്ലി: 2023-ലെ ബജറ്റ് അവതരണം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. മാന്ദ്യം ആഗോള വളര്‍ച്ചയെ പിടിമുറുക്കുന്ന സാഹചര്യത്തില്‍ വരാനിരിക്കുന്ന ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം.

പകര്‍ച്ചവ്യാധി, ആഗോള യുദ്ധവുമായി ബന്ധപ്പെട്ട പ്രതിസന്ധി, കുതിച്ചുയരുന്ന പണപ്പെരുപ്പം, ശമ്ബളം വെട്ടിക്കുറയ്ക്കല്‍, പിരിച്ചുവിടലുകള്‍, ഉയര്‍ന്ന മെഡിക്കല്‍ ചെലവുകള്‍ എന്നിവ കാരണം കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങള്‍ വെല്ലുവിളി നിറഞ്ഞതാണ്. ഇതിനോടൊപ്പം ആഗോള മാന്ദ്യത്തെ കുറിച്ചുള്ള ഭയം സാധാരണക്കാരന്റെ മനസ്സില്‍ വളര്‍ന്നു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കേന്ദ്രം നികുതി ഇളവ് നല്കിയേക്കുമെന്നുള്ള പ്രതീക്ഷയിലാണ് രാജ്യം.

ശമ്ബളവരുമാനക്കാരും സാധാരണക്കാരുമൊക്കെ ബജറ്റിലെ നികുതി ഇളവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. നിക്ഷേപകരുടെ കണ്ണും നികുതി ഇളവുകളിലേക് തന്നെയാണ്. 1961-ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 80 സി പ്രകാരം പ്രതിവര്‍ഷം 1.5 ലക്ഷം രൂപയാണ് ഭവനവായ്പകളുടെ ഇളവുകളുടെ പരിധി. ഇത് പ്രതിവര്‍ഷം നാല് ലക്ഷം രൂപയായി അടുത്ത കേന്ദ്ര ബജറ്റില്‍ ഉയര്‍ത്തണമെന്ന് ഈ രംഗത്തുള്ളവര്‍ ശുപാര്‍ശ ചെയ്തിരുന്നു. എല്‍ഐസി, പിപിഎഫ് നിക്ഷേപം മുതലായ നിക്ഷേപങ്ങള്‍ക്കും ഈ നികുതിയിളവ് ബാധകമാണ്. ഐടി നിയമത്തിലെ സെക്ഷന്‍ 24 പ്രകാരം പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപയാണ് ഭവന വായ്പയുടെ പലിശ കിഴിവ്. ഇത് പ്രതിവര്‍ഷം നാല് ലക്ഷം രൂപയായി ഉയര്‍ത്തണമെന്നാണ് ശുപാര്‍ശ.

സാമ്ബത്തിക വികസനം ഉറപ്പിക്കുന്നതിനായി കോര്‍പ്പറേറ്റുകള്‍ക്കും ബിസിനസുകള്‍ക്കും ഒരു നിശ്ചിത കാലയളവിലേക്ക് സര്‍ക്കാര്‍ നികുതി കുറയ്ക്കാറുണ്ട്. . ഒരു നഗരത്തിലോ കമ്മ്യൂണിറ്റിയിലോ ഉള്ള വികസനത്തിനോ സാമ്ബത്തിക പ്രവര്‍ത്തനത്തിനോ പിന്തുണ നല്‍കുക എന്നതാണ് ഇത്തരം നികുതി ഇളവുകളുടെ ലക്ഷ്യം.

എല്ലാവരും ഉറ്റു നോക്കുന്ന മറ്റൊരു കാര്യം ആദായ നികുതി പരിധി ഉയര്‍ത്തുമോ എന്നതാണ്. നാളുകളായുള്ള ആവശ്യമാണ് ആദായ നികുതി റിട്ടേണ്‍ നല്‍കേണ്ട പരിധി അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തണമെന്നത്. പുതിയ നികുതി സ്ലാബ് പരിഷ്കരിക്കണമെന്ന ആവശ്യവും നിലനില്‍ക്കുന്നു. ആദായ നികുതി പരിധി ഉയര്‍ത്തിയാല്‍ നിക്ഷേപത്തിനായി വ്യക്തികളുടെ കൈവശം കൂടുതല്‍ തുക ലഭിക്കും.

spot_img

Related Articles

Latest news