മഞ്ചേരി: ബാലികയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയതിന് പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിലിറങ്ങി അതേ ബാലികയെത്തന്നെ ബലാത്സംഗം ചെയ്ത രണ്ടാനച്ഛന് മഞ്ചേരി പോക്‌സോ സ്‌പെഷല്‍ കോടതി വിവിധ വകുപ്പുകളിലായി 57 വര്‍ഷം കഠിന തടവും 3.48 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശിയെയാണ് ജഡ്ജ് എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. ബാലികയുടെ മാതാവിനെ ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് രണ്ടാമത് വിവാഹം കഴിച്ചതാണ് പ്രതി. തമിഴ്‌നാട് സ്വദേശികളായ കുടുംബം ജോലി അന്വേഷിച്ചാണ് മലപ്പുറം ജില്ലയിലെത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വാടക ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിച്ച് ജോലി ചെയ്തു ജീവിച്ചു വരികയായിരുന്നു. പെണ്‍കുട്ടിക്ക് 12 വയസ്സുള്ളപ്പോഴായിരുന്നു ആദ്യ പീഡനം.
കുട്ടിയുടെ മാതാവ് ജോലിക്ക് പോകുന്ന സമയങ്ങളില്‍ താമസ സ്ഥലത്തുവച്ച് കുട്ടിയെ പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 2017 മുതല്‍ 2020 നവംബര്‍ വരെയുള്ള കാലയളവില്‍ വിവിധ വാടക ക്വാര്‍ട്ടേഴ്‌സുകളിലാണ് ആദ്യ പീഡനം നടന്നത്. 2021 ഫെബ്രുവരി അഞ്ചിന് കുട്ടി കൂട്ടുകാരിയോടൊത്ത് മലപ്പുറം മുണ്ടുപറമ്പിലെ വാടക ക്വാര്‍ട്ടേഴ്‌സിന്‍റെ മുറ്റത്തു കളിച്ചുകൊണ്ടിരിക്കെ രണ്ടാനച്ഛന്‍ വീട്ടിലേക്ക് വരികയും കുട്ടിയെ കിടപ്പുമുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇക്കാര്യം കുട്ടി കൂട്ടുകാരിയോടും ജോലി കഴിഞ്ഞെത്തിയ മാതാവിനോടും പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തായത്.
മാതാവ് കുട്ടിയോടൊപ്പം മലപ്പുറം പോലീസിലെത്തി പരാതി പറയുകയായിരുന്നു. ഈ കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു. കുട്ടിയെ പോലീസ് തൃശൂര്‍ മോഡല്‍ ഹോമിലേക്ക് മാറ്റിയിരുന്നു. 2022 ലെ ക്രിസ്മസ് അവധിക്കാലത്ത് മാതാവ് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയ സമയത്താണ് രണ്ടാമത്തെ പീഡനം. ഇക്കഴിഞ്ഞ നവംബര്‍ 29ന് ആദ്യത്തെ കേസില്‍ ഇയാളെ ഇതേ കോടതി 141 വര്‍ഷം കഠിന തടവിനും 7.85 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. രണ്ടാമത്തെ കേസ് വന്നതോടെ പ്രതിക്ക് കോടതി ജാമ്യം നല്‍കിയിരുന്നില്ല. റിമാൻഡ് കാലാവധി ശിക്ഷയില്‍ നിന്ന് ഇളവ് ചെയ്യും. പ്രതി പിഴയടച്ചില്ലെങ്കില്‍ ഒമ്പതു മാസത്തെ അധിക തടവ് അനുഭവിക്കണം. പ്രതി പിഴയടയ്ക്കുന്ന പക്ഷം തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണം.