സംസ്ഥാനം കോവിഡിനൊപ്പം രണ്ട് വർഷം

തിരുവനന്തപുരം : ലോകത്തെ സ്‌തംഭിപ്പിച്ച കൊറോണ വൈറസ്‌ കേരളത്തിലെത്തിയിട്ട്‌ ഞായറാഴ്ച രണ്ടാണ്ട്‌. സംസ്ഥാനത്തെയും രാജ്യത്തെയും ആദ്യ കോവിഡ്‌ ബാധ തൃശൂരിൽ സ്ഥിരീകരിച്ചത്‌ 2020 ജനുവരി 30നാണ്‌. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിക്കാണ്‌ ആദ്യമായി രോഗം സ്ഥിരീകരിച്ചത്‌. സംസ്ഥാനം ഇപ്പോൾ നേരിടുന്നത് വൈറസിന്റെ അഞ്ചാം വകഭേദമായ ഒമിക്രോണിനെയും മൂന്നാം തരംഗത്തെയുമാണ്‌. ഇതുവരെ ചികിത്സ കിട്ടാതെ ഒരു രോഗിയും ആശുപത്രി വരാന്തയിൽ കിടക്കേണ്ടിവന്നിട്ടില്ല.

2020 ഫെബ്രുവരി രണ്ടിനാണ്‌ രണ്ടാമത്തെ രോഗബാധ സ്ഥിരീകരിച്ചു. ഫെബ്രുവരി മൂന്നിന്‌ കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മാർച്ച്‌ എട്ടിന്‌ ഇറ്റലിയിൽ നിന്നെത്തിയവരുൾപ്പെടെ അഞ്ച്‌ റാന്നി സ്വദേശികൾക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചതോടെ സംസ്ഥാനം കൂടുതൽ ജാഗ്രതയിലായി. മാർച്ച്‌ 24ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത്‌ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. അന്നുയർത്തിയ പ്രതിരോധമതിൽ ഇന്നും തകർന്നിട്ടില്ല. മാർച്ച്‌ 30നാണ്‌‌ സംസ്ഥാനത്തെ‌ ആദ്യ കോവിഡ്‌ മരണം. ശനിവരെയുള്ള കണക്ക് പ്രകാരം രോഗം സ്ഥിരീകരിച്ചത്‌ 59,31,945 പേർക്കാണ്‌‌. അതിൽ 55,41,834 പേർ രോഗമുക്തി നേടി. 3,36,202 പേർ നിലവിൽ രോഗബാധിതരായുണ്ട്‌. മരണം 53,191

2022 ജനുവരിയോടെ സംസ്ഥാനത്ത്‌ കോവിഡ്‌ മൂന്നാം തരംഗം സ്ഥിരീകരിച്ചു. രണ്ടാം തരംഗത്തേക്കാൾ രോഗവ്യാപനം കൂടുതലായി. ഗുരുതര രോഗബാധിതരുടെയും മരണത്തിന്റെയും നിരക്ക്‌ കുറവും. 49 ശതമാനംവരെ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്‌ ഉണ്ടായി. എന്നാൽ ഐസിയു, വെന്റിലേറ്റർ കിടക്ക ആവശ്യം കൂടുതലായി വന്നില്ല.

കൃത്യമായ വാക്സിൻ വിതരണത്തിലൂടെ രോഗവ്യാപനത്തിനിടയിലും മരണനിരക്ക്‌ കാര്യമായി ഉയരാതെ തടയാനായി. 18 വയസിന്‌ മുകളിലുള്ള 100 ശതമാനം പേരും ആദ്യഡോസ്‌ വാക്സിൻ എടുത്തു. 84 ശതമാനം പേർ രണ്ട്‌ ഡോസും എടുത്തു. കൗമാരക്കാരിൽ ആദ്യഡോസെടുത്തവർ 70 ശതമാനവും പിന്നിട്ടു.

പ്രതീക്ഷയോടെ മുന്നോട്ട്‌: മന്ത്രി
കോവിഡ്‌ മഹാമാരി‌ രണ്ട്‌ വർഷം പിന്നിടുമ്പോൾ പ്രതീക്ഷയുമായി ജനപിന്തുണയോടെ പ്രതിരോധ പ്രവർത്തനം മുന്നോട്ട് പോകുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇപ്പോൾ നമ്മൾ മൂന്നാംതരംഗത്തിലാണ്. ഒമിക്രോൺ കാരണം സംസ്ഥാനം അതീവ ജാഗ്രതയിലാണ്. കേരളം ഒറ്റക്കെട്ടായി ഈ തരംഗത്തെയും അതിജീവിക്കും. അതിന്‌ ജാഗ്രതയും കരുതലും തുടരണം.

ഒന്നും രണ്ടും തരംഗത്തിലെ പ്രതിരോധരീതിയല്ല മൂന്നാംതരംഗത്തിൽ അവലംബിക്കുന്നത്. വാക്സിൻ, കരുതൽ ഡോസ് വിതരണം നല്ല രീതിയിൽ പുരോഗമിക്കുന്നു. ഈ സാഹചര്യത്തിൽ ബഹുഭൂരിപക്ഷവും രോഗപ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ട്. അതിനാൽ അടച്ചുപൂട്ടലിന് പ്രസക്തിയില്ലെന്നും മന്ത്രി പറഞ്ഞു.

ഒരുശതമാനം
കവിയാതെ മരണം
ഒരു ഘട്ടത്തിലും സംസ്ഥാനത്ത്‌ കോവിഡ്‌ മരണനിരക്ക്‌ ഒരു ശതമാനം കടക്കില്ലെന്ന്‌ ആരോഗ്യവിദഗ്ധർ. രണ്ടു വർഷത്തിനിടെ റിപ്പോർട്ട്‌ ചെയ്‌തത്‌ 53,191 മരണമാണ്‌. 0.89 ശതമാനമാണ് ഇത്‌. കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശപ്രകാരമുള്ള മരണംകൂടി പട്ടികയിൽ ചേർത്തതോടെയാണ്‌ അരശതമാനത്തിൽനിന്ന്‌ ഒറ്റയടിക്ക്‌ വർധനയുണ്ടായത്‌. മറ്റ്‌ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മരണം കൃത്യമായി രജിസ്റ്റർ ചെയ്യുന്നതിൽ കേരളമാണ്‌ മുന്നിൽ. കൂടാതെ, ധനസഹായ അപേക്ഷയിൽ നടപടി സ്വീകരിക്കുന്നതിലും സംസ്ഥാനം മാതൃകയാണ്‌.

മരിച്ചവരിൽ ഇരുപത്തയ്യായിരത്തിലധികം പേർ 60 വയസ്സ്‌ കഴിഞ്ഞവരാണ്‌. ഇവരിൽ ബഹുഭൂരിപക്ഷത്തിനും അനുബന്ധ രോഗം ഉണ്ടായിരുന്നു. പുതിയ സാഹചര്യത്തിൽ പ്രതിദിന മരണസംഖ്യ കുറവായതിനാലാണ്‌ വിദഗ്‌ധർ ഒരുശതമാനം കടക്കാനിടയില്ലെന്ന്‌ കണക്കുകൂട്ടുന്നത്‌.

 

spot_img

Related Articles

Latest news