മലപ്പുറം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മഴക്കാലം കൂടി കടന്നു വരുകയാണെന്നും കോവിഡിനൊപ്പം മഴക്കാല രോഗങ്ങളും പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. മഴക്കാല രോഗങ്ങളായ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവക്കെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കോവിഡ് രോഗികളുടെ വര്‍ധനവ് കാരണം ജില്ലയിലെ പ്രധാന ആശുപത്രികള്‍ നിറഞ്ഞു തുടങ്ങിയിരിക്കുന്നു. മറ്റു അസുഖങ്ങള്‍ കൂടി പിടിപെട്ടാല്‍ അവരെ പരിചരിക്കുന്നതിന് ജില്ലയിലെ ചികിത്സ സംവിധാനങ്ങള്‍ നന്നേ ബുദ്ധിമുട്ടും.
സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
- കൊതുക് പകരുന്നതിനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കുക.
- കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ കൊതുക് വല, ഇതര കൊതുക് നശീകരണ ഉപാധികള്‍ ഉപയോഗിക്കുക.
- ആവശ്യമായ സാഹചര്യങ്ങളില്‍ സ്പ്രേയിങ്, ഫോഗിങ് മുതലായവ ചെയ്യുക.
- എലിമൂത്രം കൊണ്ട് മലിനമാകാന്‍ സാധ്യതയുള്ള വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരാനുള്ള സാഹചര്യം ഒഴിവാക്കുക.
- പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന രീതിയില്‍ ഡോക്സീസൈക്കിളിന്‍ ഗുളികകള്‍ കഴിക്കുക.
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
- മലമൂത്ര വിസര്‍ജ്ജനം കക്കൂസുകളില്‍ മാത്രം ചെയ്യുക.
- തണുത്തതും പഴകിയതും തുറന്ന് വെച്ചതുമായ ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കുക.