കണ്ണൂർ : കൊവിഡ് രോഗബാധ യുവാക്കളില്‍ കൂടി വരുന്ന സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണത്തിന് ഊന്നല്‍ നല്‍കി യുവാക്കളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ‘യങ്ങ് കണ്ണൂര്‍’ ക്യാമ്പയിന് ജില്ലയില്‍ തുടക്കമാവുന്നു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ആരോഗ്യവകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയിലെ യുവജനസംഘടനകളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ഉദ്ഘാടനം ഇന്ന് (മെയ് 25) രാവിലെ 11 മണിക്ക് പ്രശസ്ത സിനിമാ താരം ജയസൂര്യ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അധ്യക്ഷനാകും.
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ യുവാക്കളിലും മധ്യവയസ്‌കരിലും രോഗം ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരമൊരു ക്യാമ്പയിന്‍.
യുവാക്കളില്‍ ചിട്ടയായ ജീവിതശീലം വളര്ത്തിയെടുക്കുക, വ്യായാമം ദിനചര്യയാക്കി മാറ്റിയെടുക്കുക, ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം ഇല്ലാതാക്കുക തുടങ്ങിയ പ്രവര്‍ത്തങ്ങളിലൂടെ ആരോഗ്യം വീണ്ടെടുത്ത് കൊവിഡിനെ പ്രതിരോധിക്കാനാണ് ‘യങ്ങ് കണ്ണൂര്‍’ ലക്ഷ്യമിടുന്നത്.
‘കൊവിഡും ജീവിത ശൈലി രോഗങ്ങളും’ എന്ന വിഷയത്തില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ രമേശന്‍, ‘ ഹോം ഐസൊലെഷന്‍- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍’ എന്ന വിഷയത്തില്‍ ജില്ലാ കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ. വസു ആനന്ദ് എന്നിവര്‍ സംസാരിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളിലും വിവിധ ബോധവല്‍ക്കരണ ക്ലാസുകളും പരിപാടികളും കൊവിഡ്- ന്യൂമോണിയ, വ്യായാമം – ഒരു ദിനചര്യ എന്നീ വിഷയങ്ങളില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ ഫേസ്ബുക്ക് ലൈവ് ഉണ്ടായിരിക്കും.
Media wings kannoor :