മദ്യശാലകളിലെ കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശങ്ങൾ മദ്യവിൽപ്പന ശാലകൾക്കും ബാധകമാക്കാനുള്ള ബെവ്കോ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. മദ്യം വാങ്ങാൻ ഒരു ഡോസ് വാക്സീനോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാക്കും. ഔട്‌ലെറ്റുകൾക്ക് മുന്നിൽ ഇത് സംബന്ധിച്ച നോട്ടീസ് പതിക്കാൻ ബെവ്കോ നിർദ്ദേശം നൽകി.
കടകളിൽ സാധനം വാങ്ങാൻ പോകുന്നവർക്ക് ആർടിപിസിആർ ടെസ്റ്റ് റിസൾട്ട് നിർബന്ധമാക്കിയ നടപടി എന്ത് കൊണ്ട് മദ്യം വാങ്ങാൻ എത്തുന്നവർക്ക് ബാധകമാക്കുന്നില്ലെന്ന് കോടതി ചോദിച്ചിരുന്നു. സർക്കാരിനോട് ഇന്ന് നിലപാട് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടിരുന്ന സാഹചര്യത്തിലാണ് ബെവ്കോയുടെ നടപടി. ഇന്ന് കോടതി കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ സർക്കാർ ഇക്കാര്യം അറിയിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് ഹർജി പരിഗണിക്കുക.