സഊദിയില്‍ രോഗമുക്തി നിരക്ക് 97.6 ശതമാനമാണ്
ജിസിസി രാജ്യങ്ങളില്‍ കൊറോണ മുക്തി നിരക്കില്‍ ഏറ്റവും മുന്നില്‍ സഊദി അറേബ്യയാണ്. രണ്ടാം സ്ഥാനത്ത് യു.എ.ഇ ആണ്. യു.എ.ഇയില്‍ രോഗമുക്തി 97 ശതമാനമാണ്. ബഹ്‌റൈനില്‍ 94 ശതമാനവും ഖത്തറില്‍ 93.9 ശതമാനവും കുവൈത്തില്‍ 93.8 ശതമാനവും ഒമാനില്‍ 93.6 ശതമാവുമാണ് കൊറോണ ബാധിതര്‍ക്കിടയിലെ രോഗമുക്തി നിരക്കെന്ന് ഗള്‍ഫ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ വെളിപ്പെടുത്തി.
ഗള്‍ഫ് രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസം വരെയുള്ള കണക്കു പ്രകാരം 13,92,121 പേര്‍ക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്. ഇതില്‍ 13,32,962 പേര്‍ രോഗമുക്തരാവുകയും 11,108 പേര്‍ മരണപ്പെടുകയും ചെയ്തു. സഊദിയില്‍ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തിട്ട് ഇന്നേക്ക് ഒരു വര്‍ഷം കഴിഞ്ഞു. 2020 മാര്‍ച്ച് രണ്ടിനാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ ഓര്‍മക്കായി മാര്‍ച്ച് രണ്ട് എല്ലാ വര്‍ഷവും ആരോഗ്യ രക്തസാക്ഷി ദിനമായി ആചരിക്കാന്‍ സഊദിയിലെ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.
ഇറാനില്‍ നിന്ന് തിരിച്ചെത്തിയ സഊദി പൗരനാണ് രാജ്യത്ത് ആദ്യമായി കൊറോണബാധ സ്ഥിരീകരിച്ചത്. അതിന് ശേഷം ഇന്ന് വരെ 37800 പേരിലേക്ക് രോഗം വ്യാപിച്ചു. ഇതിൽ 36900 പേർക്ക് ഭേദമായെങ്കിലും, 6500 ലധികം പേർ മരണത്തിന് കീഴടങ്ങി. മരിച്ചവരിൽ സ്വദേശികളും വിദേശികളുമായി 186 ആരോഗ്യ പ്രവർത്തകരുമുണ്ടായിരുന്നു.
ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിൽ മാത്രം കോവിഡ് രോഗികളെ പരിചരിക്കുന്നതിനിടയിൽ, കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കണക്കാണിത്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ കാത്തു സൂക്ഷിക്കുന്നതിന് ഇവർ നടത്തിയ സ്തുത്യർഹമായ സേവനങ്ങൾ പരിഗണിച്ചും, സേവന പാതയിൽ മരിച്ച ഇവരുടെ ഓർമ്മകൾ ജനഹൃദയങ്ങളിൽ എന്നും അനശ്വരമായി നിലനിറുത്തുന്നതിനും വേണ്ടിയാണ്, മാർച്ച് രണ്ട് ആരോഗ്യ രക്തസാക്ഷി ദിനമായി ആചരിക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതിന് കാരണം.
മരിച്ച ആരോഗ്യ പ്രവർത്തകരിൽ 16 ഇന്ത്യക്കാരുമുണ്ടായിരുന്നു. മഹാമാരിയുടെ കുത്തൊഴുക്കിൽ ഇരുനൂറോളം മലയാളികൾക്കും ജീവൻ നഷ്ടമായി.
പിന്നീട് രോഗ ബാധിതരുടെ എണ്ണം അനുദിനം ഗണ്യമായി ഉയര്‍ന്നുവെങ്കിലും ഒരു വര്‍ഷത്തിനകം രോഗം ഏതാണ്ട് പൂര്‍ണ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സഊദിക്കു കഴിഞ്ഞു. പ്രതിദിന കേസുകള്‍ 5,000 വരെയായി ഉയര്‍ന്നത് 88 വരെയായി കുറഞ്ഞിരുന്നു. എന്നാല്‍ രണ്ടാം വരവിനെത്തുടര്‍ന്ന് അത് 300 നും 400 നും ഇടയിലായി മാറുകയായിരുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ പ്രതിദിന കൊറോണ കേസുകള്‍ സഊദിയില്‍ താതരമ്യേന കുറവാണ്.
രാജ്യത്ത് കൊറോണ വാക്‌സിന്‍ യജ്ഞം ശക്തമാക്കുകയും അനുദിനം പുതിയ വാക്‌സിന്‍ സെന്ററുകള്‍ തുറന്നുകൊണ്ടിരിക്കുകയുമാണ്. ഏതാനും പ്രധാന നഗരങ്ങളില്‍ ഡ്രൈവ് ത്രൂ വാക്‌സിന്‍ സെന്ററുകളും ആരോഗ്യ മന്ത്രാലയം സജ്ജീകരിച്ചിട്ടുണ്ട്. സഊദിയില്‍ ഇതിനകം ഏഴു ലക്ഷത്തോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ ഫൈസര്‍-ബയോന്‍ടെക്, അസ്ട്രാസെനിക്ക വാക്‌സിനുകളാണ് സഊദിയില്‍ ഉപയോഗിക്കുന്നത്. മറ്റു നാലു വാക്‌സിനുകള്‍ക്കു കൂടി അംഗീകാരം നല്‍കുന്നതിനെ കുറിച്ച് പഠിച്ചുവരികയാണെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. അതേ സമയം കഴിഞ്ഞ ദിവസംവരെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ 71,74,915 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു.