താമരശ്ശേരി: ഇന്നലെ കോവിഡ് ബാധിച്ച് മരിച്ച താമരശ്ശേരി പൊടുപ്പിൽ കോളനിയിലെ കക്കയം മുഹമ്മദിൻ്റെ മൃതദേഹം വീട്ടിൽ സൂക്ഷിക്കേണ്ടി വന്നത് 8 മണിക്കൂറിലധികം. കോവിഡ് ബാധിച്ച് മരണപ്പെടുന്നവരെ ഒരു മണിക്കൂറിനകം സംസ്കരിക്കമെന്നണ നിർദേശം നിലനിൽക്കുമ്പോഴാണ് ഈ ദുരാവസ്ഥ.
ഇന്നലെ രാവിലെ മരണപ്പെട്ട മുഹമ്മദിൻ്റെ മൃതദേഹം കോവിഡ് പരിശോധനടത്താൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു, ഇദ്ദേഹത്തിൻ്റെ ഭാര്യ കോവിഡ് ബാധിതയാണ്. ഭർത്താവിനെ പരിചരിക്കാൻ മെഡിക്കൽ കോളേജിലിരിക്കെയാണ് ഭാര്യക്ക് കോവിഡ് ബാധിച്ചത്. രണ്ടു മക്കൾ ഉണ്ടെങ്കിലും മകൻ വിദേശത്തും, മകൾ ബാലുശ്ശേരിക്ക് സമീപവുമാണ്.
വീട്ടിൽ ഭാര്യയേയും, മകളെ പി പി ഇ കിറ്റ് ധരിപ്പിച്ച് മൃതദേഹം കാണിച്ച ശേഷമായിരുന്നു പരിശോധനക്കായി ആശുപത്രിയിലേക്ക് മറ്റിയിരുന്നത്. ആശുപത്രിയിൽ നിന്നും നേരെ ഖബർസ്ഥാനിലേക്ക് മൃതദേഹം എത്തിച്ച് അന്ത്യകർമ്മങ്ങൾക്ക് ശേഷം ഖബറടക്കം നടത്താൻ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ ബലി പെരുന്നാൾ പ്രമാണിച്ച് ബലികർമ്മം അടക്കമുള്ള തിരക്കും, ഖബർ ഒരുക്കാനുള്ള താമസവും കാരണം നാലു മണിയോടെ മാത്രമേ ഖബറടക്കം നടത്താൻ സാധിക്കുകയുള്ളൂ എന്നായിരുന്നു പള്ളിക്കമ്മറ്റി ഭാരവാഹികളുടെ മറുപടി.ഇതോടെ മൃതദേഹം വീണ്ടും വീട്ടിലേക്ക് തന്നെ എത്തിച്ചു.
ഇത്തരം അടിയന്തിര സാഹചര്യത്തിൽ ഹിറ്റാച്ചി പോലുള്ള യന്ത്രമെത്തിച്ച് ഖബർ കുഴിക്കാനുള്ള നടപടി സ്വീകരിച്ച് മൃതദേഹം എത്രയും പെട്ടന്ന് സംസ്കരിക്കാൻ മുന്നിട്ടിറങ്ങേണ്ട ആരോഗ്യ വകുപ്പ് അധികൃതരും, പഞ്ചായത്ത് അധികൃതരും അനങ്ങിയില്ല എന്നതാണ് വസ്തുത. താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ കോവിഡ് വ്യാപനം നടക്കുന്ന അവസരത്തിൽ എത്ര ലാഘവത്തോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഇന്നലത്തെ സംഭവം.
വീടുകൾ തിങ്ങിനിറഞ്ഞ പൊടുപ്പിൽ നാലു സെൻ്റ് കോളനിയിൽ മൃതദേഹത്തിനൊപ്പം കോവിഡ് രോഗിയായ സ്ത്രീക്ക് കഴിയേണ്ടി വന്നത് 8 മണിക്കൂറിലധികമായിരുന്നു എന്നത് ആരെയും സങ്കടപ്പെടുത്ത കാര്യമാണ്. ഈ രൂപത്തിലാണ് ആരോഗ്യമേഖലയിലെ ഇടപെടലെങ്കിൽ താമരശ്ശേരി അടുത്ത കാലത്തൊന്നും D കാറ്റഗറിയിൽ നിന്നും മോചനം നേടില്ല.