കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചു. ആരോഗ്യവകുപ്പിന്റെ കോവിഡ് ബുള്ളറ്റിനിലാണ് പേരുകൾ ഉൾപ്പെടുത്തിയത്. മരിച്ചയാളുടെ പേര്, സ്ഥലം, ജില്ല, വയസ്, മരണം സംഭവിച്ച ദിവസം, ലിംഗം എന്നിവയാണ് ബുള്ളറ്റിനിൽ ഉള്ളത്.
ഇന്ന് പ്രസിദ്ധീകരിച്ച 135 മരണങ്ങളും ഇത്തരത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മരണമടഞ്ഞവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിലുള്ള ബുള്ളറ്റിനിൽ ഇതുവരെ മരിച്ചവരുടെ ജില്ലയും വയസും മരണത്തീയതിയും മാത്രമാണ് ഉണ്ടായിരുന്നത്. ഇത് പലവിധത്തിലുള്ള ആക്ഷേപങ്ങൾക്കും വഴിവച്ചിരുന്നു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കു നഷ്ടപരിഹാരം കിട്ടാൻ പരമാവധി ഇടപെടൽ നടത്തുമെന്ന് മന്ത്രി പറഞ്ഞു. അർഹരായവരെ ഒഴിവാക്കില്ല. ഏതെങ്കിലും കേസ് കോവിഡല്ലാതെ പോയെന്നു പരാതിയുണ്ടെങ്കിൽ ആ കേസുകൾ പരിശോധിച്ച് നടപടിയെടുക്കും. പരാതിയുമായി ഓഫീസുകൾ കയറിയിറങ്ങേണ്ടിവരില്ല. ഇ മെയിലോ കത്തോ അയച്ച് പ്രശ്നം ഉന്നയിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു