ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഗൃഹസമ്ബര്‍ക്കവിലക്ക് നിര്‍ബന്ധം

ബംഗളൂരു: ചൈന, ഹോങ്കോങ്, ജപ്പാന്‍, ദക്ഷിണകൊറിയ, സിംഗപ്പൂര്‍, തായ്ലന്‍ഡ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ശനിയാഴ്ച മുതല്‍ കര്‍ണാടക സര്‍ക്കാര്‍ ഏഴ്ദിവസത്തെ ഗൃഹസമ്ബര്‍ക്ക വിലക്ക് നിര്‍ബന്ധമാക്കി.

ഈ രാജ്യങ്ങളില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്ബുതന്നെ യാത്രക്കാര്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് ഫലം കാണിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച്‌ ശനിയാഴ്ച സംസ്ഥാന ആരോഗ്യവകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.

ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരും ഏഴ് ദിവസം നിര്‍ബന്ധമായും വീട്ടില്‍ സമ്ബര്‍ക്കവിലക്കില്‍ കഴിയുകയും കോവിഡ് ചട്ടങ്ങളെല്ലാം പാലിക്കുകയും വേണം. രോഗലക്ഷണങ്ങളില്ലാത്ത യാത്രക്കാര്‍ക്ക് വീട്ടിലേക്ക് പോകാം. എന്നാല്‍ ഇവര്‍ സ്വയം നിയന്ത്രണങ്ങള്‍ പാലിക്കണം. മാസ്ക് ധരിക്കല്‍, സാമൂഹികഅകലം പാലിക്കല്‍, കൈകള്‍ സോപ്പിട്ട് കഴുകല്‍ തുടങ്ങിയ കോവിഡ് ചട്ടങ്ങള്‍ കൃത്യമായി പാലിക്കുകയും വേണം.

അതേസമയം, കോവിഡ് ലക്ഷണങ്ങളുള്ള യാത്രക്കാരെ പ്രത്യേകം സജ്ജമാക്കിയ സമ്ബര്‍ക്ക വിലക്ക്-ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റും. പനി, ചുമ, ജലദോഷം, ശരീരവേദന, തലവേദന, മണവും രുചിയും നഷ്ടപ്പെടല്‍, അതിസാരം, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ വീട്ടില്‍ സമ്ബര്‍ക്കവിലക്കില്‍ കഴിയുമ്ബോള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ പ്രാദേശിക ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണം.

ഏത് സാഹചര്യങ്ങള്‍ നേരിടാനും സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. നിലവില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ 50,817 ആശുപത്രി കിടക്കകളാണുള്ളത്. 2896 എണ്ണം വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ.സി.യു കിടക്കകളാണ്. 28,206 ഓക്സിജന്‍ കിടക്കകളുമുണ്ട്. കുട്ടികള്‍ക്ക് അടിയന്തര ചികിത്സ നല്‍കാനുള്ള 426 പി.ഐ.സി.യു കിടക്കകളുമുണ്ട്. നവജാതശിശുക്കള്‍ക്കുള്ള 593 എന്‍.ഐ.സി.യു കിടക്കകളുമുണ്ട്. 630.42 മെട്രിക് ടണ്‍ ശേഷിയുള്ള 553 ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ടാങ്കുകള്‍, 16,387 ഓക്സിജന്‍ സിലിണ്ടറുകള്‍ എന്നിവയുമുണ്ട്. ആകെ 1,091 മെട്രിക് ടണ്‍ ഓക്സിജന്‍ ശേഖരം സംസ്ഥാനത്തുണ്ട്.

ഡിസംബറില്‍ ബംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയ 12 അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ അറിയിച്ചിരുന്നു. സ്കൂളുകള്‍, കോളജുകള്‍, മാളുകള്‍, റെസ്റ്റാറന്‍റുകള്‍, പബ്ബുകള്‍, സിനിമ തിയറ്ററുകള്‍ എന്നിവിടങ്ങളില്‍ ഇതിനകം കര്‍ണാടകയില്‍ മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ദിവസം 5,000 പേരെ പരിശോധിക്കുമെന്ന് ബി.ബി.എം.പി അധികൃതര്‍ അറിയിച്ചു.

ബസ്സ്റ്റാന്‍ഡുകള്‍, മാര്‍ക്കറ്റുകള്‍ അടക്കം രോഗലക്ഷണമുള്ളവരെ പരിശോധിക്കുന്നതിന് മൊബൈല്‍ യൂനിറ്റുകളെ നിയോഗിച്ചു. അതേസമയം, രോഗവ്യാപനം നിയന്ത്രിക്കാനുള്ള നടപടികള്‍ മാത്രമേ നിലവിലുള്ളൂവെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും അതേസമയം ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

spot_img

Related Articles

Latest news