സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ ഉടന്‍ വേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കൊവിഡ് പരിശോധന നടത്താനും ഇന്ന് ചേർന്ന ഉന്നതതല സമിതി യോഗം തീരുമാനിച്ചു.
വാരാന്ത്യ ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നാണ് സർക്കാർ വിലയിരുത്തല്‍. നിലവില്‍ ഏർപ്പെടുത്തിയിട്ടുളള രാത്രി കർഫ്യൂ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങള്‍ കർശനമാക്കിയാല്‍ മതിയെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്നുചേർന്ന കോർകമ്മിറ്റി യോഗം വിലയിരുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും പരിശോധന നടത്താനും യോഗത്തില്‍ തീരുമാനമായി.
ജില്ലാ ശരാശരിയേക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും ഇത്തരത്തില്‍ പരിശോധന നടത്തുക. രോഗികളുടെ എണ്ണത്തില്‍ വർധനവ് ബോധ്യപ്പെട്ടാല്‍ പ്രാദേശിക നിയന്ത്രണങ്ങളേർപ്പെടുത്തും. കൊവിഡ് പൊസിറ്റിവിറ്റ് നിരക്ക് മൂന്ന് ശതമാനമായി കുറക്കലാണ് ലക്ഷ്യം. രോഗികളുടെ എണ്ണം ഉയർന്നാലും സംസ്ഥാനത്തെ ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ തൃപ്തികരമാണെന്നും യോഗം വിലയിരുത്തി. വൈറസിന്‍റെ ജനിതകമാറ്റം പഠിക്കാൻ ജീനോം പഠനം നടത്താനും യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ഏർപ്പെടുത്തിയ നൈറ്റ് കർഫ്യൂ ഇന്ന് രാത്രി 9 മുതല്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോയെന്ന് കർശന പരിശോധനയും നടപടികളും ഉണ്ടാവും.
രാത്രികാല നിയന്ത്രണങ്ങളില്‍ പൊതുഗതാഗതത്തിന് ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും സർവീസുകൾ വെട്ടികുറക്കാനുളള ആലോചനയിലാണ് കെ എസ് ആർ ടി സി. രാത്രി 9 മണിക്ക് ശേഷമുള്ള ദീർഘദൂര സർവീസുകൾ റിസർവേഷൻ മുഖേന നടപ്പാക്കാനും കോർപ്പറേഷന്‍ ആലോചിക്കുന്നുണ്ട്. ബസുകളിൽ നിർത്തിയുള്ള യാത്ര പാടില്ലെന്ന സർക്കാർ നിർദ്ദേശം നടപ്പക്കാനാവില്ലെന്ന നിലപാടും കെഎസ്ആർടിസിക്കുണ്ട്.