മൂന്നാം തരംഗം നേരിടാന്‍ 23,123 കോടിയുടെ കോവിഡ് പാക്കേജ്

ന്യൂദല്‍ഹി- കോവിഡ് രണ്ടാം തരംഗത്തെ നിയന്ത്രിക്കാനും മൂന്നാം തരംഗം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കുമായി 23,123 കോടി രൂപയുടെ പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ പാക്കേജ് അംഗീകരിച്ചു. കേന്ദ്രത്തിന്റെ രണ്ടാം ഘട്ട കോവിഡ് പാക്കേജ് ആണിത്. രാജ്യത്തുടനീളം 736 ജില്ലകളില്‍ പീഡിയാട്രിക് യുനിറ്റുകള്‍ തുറക്കല്‍, ഗ്യാസ് പൈപ്പ്‌ലൈന്‍ സംവിധാനത്തോടെ 1050 മെഡിക്കല്‍ ഓക്‌സിജന്‍ സംഭംരണ ടാങ്കുകള്‍ നിര്‍മിക്കല്‍, ഒരു ദിവസം അഞ്ചു ലക്ഷം കണ്‍സള്‍ട്ടേഷന്‍ വരെ സാധ്യമാക്കുന്ന തരത്തില്‍ ടെലികണ്‍സള്‍ട്ടേഷന്‍ വിപുലപ്പെടുത്തല്‍ എന്നിവയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ നടന്നുവരുന്ന സംസ്ഥാന സര്‍ക്കാരുകളുടെ കോവിഡ് പ്രതിരോധ, നിയന്ത്രണ പരിപാടികള്‍ക്ക് കൂടുതല്‍ വിപുലപ്പെടുത്താനാണ് പാക്കേജ്. പ്രധാനമായും മുന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കാണിത്.

 

ഈ പാക്കേജില്‍ 15,000 കോടി രൂപ കേന്ദ്രം നല്‍കുമെന്നും 8123 കോടി രൂപ സംസ്ഥാനങ്ങള്‍ വഹിക്കുമെന്നും ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. കുട്ടികളുടെ ആരോഗ്യപരിരക്ഷയ്ക്കായി ജില്ലാ തലങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഗ്രാമീണ മേഖലകളില്‍ ആശുപത്രി കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും ജില്ലകളില്‍ അവശ്യ മരുന്നുകളുടെ കരുതല്‍ ശേഖരം ഉണ്ടാക്കുന്നതിനുമാണ് പ്രധാനമായും ഈ പാക്കേജെന്ന് മന്ത്രി പറഞ്ഞു. രണ്ടാം തരംഗത്തില്‍ നാം നേരിട്ട പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ ഭാവിയിലെ കോവിഡിനെ നിയന്ത്രിക്കാന്‍ എന്തെല്ലാം ചെയ്യാം എന്നതിനെ അടിസ്ഥാനമാക്കിയാണ് പാക്കേജിന് രൂപം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

spot_img

Related Articles

Latest news