കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവിതശൈലി രോഗങ്ങളുള്ള മുതിർന്ന പൗരൻമാർക്കും ബിപിഎൽ വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾക്കും അനുബന്ധ രോഗങ്ങളുള്ളവർക്കും വീടുകളിൽ സൗജന്യമായി മരുന്നുകൾ എത്തിച്ചു നൽകുന്നതിനായി ആരോഗ്യ വകുപ്പ് പദ്ധതിയാവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആശ പ്രവർത്തകരുടേയും പാലിയേറ്റീവ് കെയർ പ്രവർത്തകരുടേയും സന്നദ്ധപ്രവർത്തകരുടേയും സഹായത്തോടെയാണ് ഈ വിഭാഗങ്ങളിലുള്ളവരുടെ വീടുകളിൽ മരുന്നുകൾ എത്തിക്കുന്നത്. സാധാരണ ജനങ്ങൾക്ക് പ്രത്യേകിച്ച് അവശത അനുഭവിക്കുന്ന ജനവിഭാഗത്തിന് മരുന്നുകൾ വീട്ടിൽ എത്തിച്ച് നൽകാനുള്ള പദ്ധതി ഊർജ്ജിതമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കും. കോവിഡ് കാലത്ത് ആശുപത്രിയിലെത്തുമ്പോൾ ഉണ്ടാകുന്ന സമ്പർക്കം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയാവിഷ്‌ക്കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.