താമരശ്ശേരി: ഇന്നലെ മുതൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ താമരശ്ശേരി മേഖലയിൽ നടപ്പിലാക്കാനായില്ല.
മുക്കം ഭാഗത്ത് നിന്നും വയനാട്, ബാലുശ്ശേരി ഭാഗങ്ങളിലേക്ക് നൂറുക്കണക്കിന് ടിപ്പർ ലോറികൾ കരിങ്കല്ല് ഉൽപന്നങ്ങൾ കയറ്റി സർവീസ് നടത്തി. ഓട്ടോകൾ, ടാക്സികൾ അവശ്യവസ്തുക്കൾ ഏറ്റി വരുന്നതല്ലാത്ത ലോറികൾ സ്വകാര്യ വാഹനങ്ങൾ എന്നിവ യഥേഷ്ടം സർവ്വീസ് നടത്തി.
രാവിലെ താമരശ്ശേരി പട്ടണത്തിൽ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും മറ്റു ഭാഗങ്ങളിൽ കാര്യമായ പോലീസ് പരിശോധന ഉണ്ടായിരുന്നില്ല.
നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന ശനി, ഞായർ ദിവസങ്ങളിലേതിനേക്കാൾ പതിൻമടങ്ങ് വാഹനങ്ങൾ റോഡിൽ ഉണ്ടായിരുന്നു. നിയന്ത്രണത്തിൻ്റെ യാതൊരു പ്രതീതിയും എങ്ങും ഉണ്ടായിരുന്നില്ല.
എന്നാൽ കച്ചവട സ്ഥാപനങ്ങളിൽ അവശ്യവസ്തുക്കളും, മരുന്നുകളും വിൽക്കുന്ന കടകളും, ഏതാനും ഹോട്ടലുകളും മാത്രമേ തുറന്നു പ്രവർത്തിച്ചിരുന്നുള്ളൂ.
photo: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയ ആദ്യ ദിനം താമരശ്ശേരി ചുങ്കത്ത് നിന്നുള്ള ദൃശ്യം.