കോഴിക്കോട്- രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ എടുത്തശേഷം കേന്ദ്ര സർക്കാറിന്റെ സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന സേവനം നിരവധി പ്രവാസികൾ ഉപയോഗിച്ചു തുടങ്ങി. ഒന്നാം ഡോസ് കോവിഡ് വാക്‌സിൻ കേന്ദ്ര സർക്കാറിന്റെ കോവിൻ സൈറ്റ് വഴി ലഭിച്ച പ്രവാസികളിൽ ഭൂരിഭാഗവും രണ്ടാം ഡോസ് കേരള സർക്കാരിന്റെ മുൻഗണന പട്ടികയിൽ ഉൾപ്പെട്ട ശേഷമാണ് കരസ്ഥമാക്കിയിരുന്നത്. എന്നാൽ ഇവർക്ക് രണ്ടാം ഡോസ് സർട്ടിഫിക്കറ്റ് കേരള സർക്കാർ തന്നെ ലഭ്യമാക്കിയതോടെ നിരവധി പ്രശ്‌നങ്ങൾ ഉടലെടുക്കുകയും ചെയ്തു. സംസ്ഥാന സർക്കാർ നൽകിയ സർട്ടിഫിക്കറ്റിൽ ആദ്യഘട്ടത്തിൽ ബാച്ച് നമ്പർ ഉണ്ടായിരുന്നില്ല. ബാച്ച് നമ്പർ ഇല്ലാത്ത സർട്ടിഫിക്കറ്റ് സൗദി അടക്കമുള്ള വിദേശ രാജ്യങ്ങൾ അംഗീകരിക്കില്ലെന്ന സ്ഥിതി വന്നതോടെ ഇത് ഉൾപ്പെടുത്താൻ പ്രത്യേക സംവിധാനം ഒരുക്കി. വാക്‌സിൻ ലഭിച്ച കേന്ദ്രത്തിൽനിന്ന് എഴുതി ലഭിക്കുന്ന സർട്ടിഫിക്കറ്റ് കേരള സർക്കാറിന്റെ സൈറ്റിൽ അപ്്‌ലോഡ് ചെയ്താണ് സർട്ടിഫിക്കറ്റിൽ വീണ്ടും ബാച്ച് നമ്പർ ചേർത്തത്. എന്നാൽ, നേരത്തെ രണ്ടാം ഡോസ് സ്വീകരിച്ചവർക്ക് കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് കേന്ദ്ര സർക്കാറിന്റെ തന്നെ കോവിൻ പോർട്ടലുകൾ വഴി ഇപ്പോൾ ലഭ്യമാകുന്നുണ്ട്. വാക്‌സിൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയാണ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കേണ്ടത്. ഇതിന് പാസ്‌പോർട്ടിന്റെ കോപ്പി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സമർപ്പിക്കണം. ഓൺലൈനായാണ് ഈ രേഖ സമർപ്പിക്കേണ്ടത്. നേരത്തെ വാക്‌സിൻ സ്വീകരിച്ച തിയതിക്ക് പകരം എന്നാണോ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നത് ആ തിയതിയായിരിക്കും സർട്ടിഫിക്കറ്റിലുണ്ടാകുക.