ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,26,098 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 3,890 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിലും മരണത്തിലും നേരിയ കുറവുണ്ട്. 3,53,299 പേര്‍ ഇന്നലെ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇതുവരെ 2,43,72,907 പേര്‍ കോവിഡ് ബാധിതരായി. 2,04,32,898 പേര്‍ രോഗമുക്തരായി. 2,66,207 പേര്‍ മരണമടഞ്ഞു. 36,73,802 പേരാണ് ചികിത്സയിലുള്ളത്.
ഇതുവരെ 31,30,17,193 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. 16,93,093 ടെസ്റ്റുകളാണ് ഇന്നലെ നടത്തിയതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.
മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും കാര്യമായ കുറവ് വന്നിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞുവരുന്നതായി കേന്ദ്രം വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇന്ത്യയിലെ കോവിഡ് സാഹചര്യം അതീവ ഉത്കണ്ഠയുളവാക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്‌ഒ) മേധാവി ടെഡ്രോസ് അഥനോം ഗബ്രെയേസൂസ് പറഞ്ഞു. പ്രതിദിന രോഗികളും ആശുപത്രി പ്രവേശിപ്പിക്കപ്പെടുന്നവരും മരണസംഖ്യയുമെല്ലാം ആശങ്ക സൃഷ്ടിക്കുന്നു.
കോവിഡിന്റെ ഒന്നാം തരംഗത്തെ അപേക്ഷിച്ച് കൂടുതല്‍ മാരകമാണ് രണ്ടാം തരംഗമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇന്ത്യയിലെ സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ലോകാരോഗ്യ സംഘടന ഇടപെട്ടുവെന്നും ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും മൊബൈല ആശുപത്രികള്‍ക്കുള്ള ടെന്റുകളും മാസ്‌കുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും ഇന്ത്യയിലേക്ക് അയച്ചുകഴിഞ്ഞുവെന്നൂം അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ കോവിഡ് കേസുകള്‍ ഒരു കോടിയിലെത്തിയത് ഡിസംബര്‍ 19നായിരുന്നു. മേയ് നാലിന് രണ്ട് കോടി പിന്നിട്ടു. എന്നാല്‍ ഇന്ത്യയില്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.