ഇന്ത്യയിലെ രണ്ടാം കോവിഡ് തരംഗം ഏപ്രില്‍ പകുതിയോടെ തീവ്രമാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഏപ്രില്‍ മാസം പകുതിയോടെ ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം തീവ്രമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ദിവസേനയുള്ള കോവിഡ‍് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യമാണ് ഇന്ത്യയില്‍ ഉള്ളത്. ഫെബ്രുവരി 15 മുതലുള്ള ദിവസങ്ങള്‍ എണ്ണുകയാണെങ്കില്‍ കോവിഡിന്റെ രണ്ടാം തരംഗം നൂറ് ദിവസമെങ്കിലും നീണ്ടു നില്‍ക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

മാര്‍ച്ച്‌ 23 വരെയുള്ള രാജ്യത്തെ കോവിഡ് നിരക്ക് അടിസ്ഥാനമാക്കിയാല്‍ രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ 25 ലക്ഷം വരെ ഉയര്‍ന്നേക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കോവിഡിനെ പ്രതിരോധിക്കാന്‍ പ്രാദേശിക ലോക്ക്ഡൗണുകളോ നിയന്ത്രണങ്ങളോ മതിയാകില്ലെന്നും വാക്സിനേഷന്‍ വ്യാപകമാക്കുക മാത്രമാണ് ഏക പോംവഴിയെന്നും 28 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ പ്രതിദിനം 34 ലക്ഷം പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ഇത് 40-45 ലക്ഷമായി ഉയര്‍ത്തണമെന്നും 45 വയസ്സിനുമുകളിലുള്ളവര്‍ക്കുള്ള കുത്തിവെപ്പ് നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ 45 വയസ് തികഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

മാര്‍ച്ച്‌ 23 വരെയുള്ള കണക്കുകള്‍ പ്രകാരം 5.21 കോടി ഡോസുകള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇന്നലെ മാത്രം 53,476 പുതിയ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,17,87,534 ആയി.

ഒരിടവേളയ്ക്ക് ശേഷമാണ് കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. പ്രതിദിന കണക്ക് ഇരുപതിനായിരത്തില്‍ താഴെ വരെ എത്തി നിന്നിരുന്നുവെങ്കിലും പെട്ടെന്ന് വീണ്ടും ഉയരുകയായിരുന്നു. നിലവില്‍ പ്രതിദിന കണക്കില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. കോവിഡ് വ്യാപനം വളരെ രൂക്ഷമായി തന്നെ ബാധിച്ച സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം സ്ഥിരീകരിച്ചത് 31,855 കോവിഡ് കേസുകളാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്.

പ്രതിദിന പുതിയ കേസുകളുടെ നിലവിലെ നിലവാരത്തില്‍ നിന്ന് ആദ്യ തരംഗത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കുള്ള ദിവസങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്ബോള്‍ ഏപ്രില്‍ രണ്ടാം പകുതിയില്‍ ഇന്ത്യ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തില്‍ ഇന്നലെ 1989 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട 101, തൃശൂര്‍ 94, കാസര്‍ഗോഡ് 92, ഇടുക്കി 89, പാലക്കാട് 72, വയനാട് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (5), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 108 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

spot_img

Related Articles

Latest news