അജ്മാന്: കോവിഡ് വ്യാപനം തടയുന്നതിെന്റ ഭാഗമായി നഗരഹൃദയത്തില്‍ കോവിഡ് പരിശോധനക്കും വാക്സിന് സൗകര്യത്തിനുമായി മൊബൈല്‍ മെഡിക്കല്‍ സെന്റര്‍ ഒരുക്കി അജ്മാന്. ഈദ് മുസല്ലയിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും അജ്മാനിലെ ആരോഗ്യ-പ്രതിരോധ മന്ത്രാലയവും ശൈഖ ഫാത്തിമ ബിന്ത് മുബാറക് സന്നദ്ധപ്രവര്‍ത്തന പരിപാടികളുമായി സഹകരിച്ചാണ് ഈ സേവനം ആരംഭിച്ചത്.
12 മൊബൈല്‍ യൂനിറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. അജ്മാനിലെ എല്ലാ പൗരന്മാരെയും താമസക്കാരെയും സ്വീകരിക്കാന്‍ ആരംഭിച്ച കേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായെന്ന് മെഡിക്കല്‍ സോണ്‍ ഡയറക്ടര്‍ ഹമദ് തരിം അല്‍ ഷംസി പറഞ്ഞു. വളന്റിയര്‍ മെഡിക്കല്‍ ടീമിന്റെ ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ആയിരത്തിലധികം കേസുകള്‍ ദിവസവും ഇവിടെ കൈകാര്യം ചെയ്യുന്നുണ്ട്.
നാട്ടിലേക്ക് തിരിക്കുന്നതിന് ആവശ്യമായ കോവിഡ് പരിശോധന സൗജന്യമായി ലഭിക്കുന്നതിനാല്‍ നിരവധി പേരാണ് ഇത് ഉപയോഗപ്പെടുത്തുന്നത്. രോഗികള്‍ക്ക് ഏറ്റവും ഉയര്‍ന്ന മെഡിക്കല്‍ നിലവാരത്തില്‍ യു. എ. ഇ മെഡിക്കല്‍ കെയര്‍ സേവനങ്ങള്‍ നല്‍കുന്നുവെന്ന് അജ്മാന് പൊലീസ് മേധാവി മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.