കൊച്ചി: കൊവിഡ് മൂന്നാംതരംഗത്തിന്റെ തുടങ്ങിയതോടെ പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം പ്രതിസന്ധിയിൽ. നാട്ടിൽ വന്നാൽ കുരുക്കുവീഴുമോയെന്ന ആശങ്കയിൽ തിരിച്ചുവരവ് നീട്ടാനുളള ഒരുക്കത്തിലാണ് പലരും.
വിദേശത്ത് നിന്ന് വരുന്നവർ ആർ.ടി.പി.സി.ആർ ഫലം നെഗറ്റീവായാലും ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന സർക്കാർ ഉത്തരവും യാത്ര വൈകിപ്പിക്കാൻ കാരണമായിട്ടുണ്ട്. ഒരുമാസത്തിൽ കുറഞ്ഞ ലീവിനെത്തുന്നവർ വിമാന ടിക്കറ്റ് റദ്ദ് ചെയ്യുകയാണ്. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ പോലും നീട്ടിവെക്കാനുള്ള ശ്രമം നടക്കുന്നു. അടിയന്തര ആവശ്യമുള്ളവർ മാത്രാണ് യാത്രയ്ക്ക് തയ്യാറാകുന്നത്.
നിലവിൽ ഗൾഫ് രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായാൽ യാത്രാവിലക്ക് വന്നേക്കും. ഈ ഭയം പ്രവാസികളിലുണ്ട്.
കഴിഞ്ഞ കോവി ഡ് കാലത്ത് അവധിയ്ക്കും അത്യാവശ്യ കാര്യങ്ങൾക്കുമായി നാട്ടിലെത്തിയ പ്രവാസികളിൽ പലരും തിരിച്ചു പോവാനാവാതെ പ്രതിസന്ധിയിലായിരുന്നു. യാത്രാവിലക്ക് തുടർന്നതോടെ നിരവധി പേർക്ക് തൊഴിലും നഷ്ടമായി. യു.എ.ഇ, ഒമാൻ, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളെല്ലാം ഇന്ത്യൻ യാത്രക്കാർക്ക് ദീർഘകാലം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഖത്തറിൽ മാത്രമായിരുന്നു നിയന്ത്രണത്തിൽ അയവുണ്ടായത്.
Mediawings: