ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്തതിന് പിന്നാലെ നേപ്പാള്‍ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷായ്ക്കും രാജ്ഞി കോമല്‍ ഷായ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. കുംഭമേളയ്ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 11നാണ് ഗ്യാനേന്ദ്ര ഹരിദ്വാറിലെത്തിയത്. മാസ്‌കും സാമൂഹിക അകലവും പാലിക്കാതെ ഇരുവരും നിരവധി സന്യാസിമാരുമായും തീര്‍ത്ഥാടകരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കുംഭമേള 2021 സ്‌പെഷ്യല്‍ കമ്മറ്റിയുടെ ക്ഷണം സ്വീകരിച്ചാണ് ഇരുവരും ഹരിദ്വാറിലെത്തിയത്.