വാക്‌സിനെടുക്കാത്ത കോവിഡ് രോഗിക്ക് സൗജന്യചികിത്സയില്ല:ആരോഗ്യവകുപ്പ് 

കോഴിക്കോട്:കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന സാക്ഷ്യപത്രം ഹാജരാക്കാത്ത കോവിഡ് രോഗികൾക്ക് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിപ്രകാരമുള്ള സൗജന്യചികിത്സ നൽകേണ്ടതില്ലെന്ന് ഗവ. മെഡിക്കൽ കോളേജുകൾക്ക് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ഇത്തരം രോഗികൾ ചികിത്സ സ്വന്തംചെലവിൽ നിർവഹിക്കണമെന്നാണ് നിർദേശം. രണ്ടു ഡോസ് വാക്സിൻ എടുക്കാത്ത ഇരുന്നൂറോളം രോഗികൾ ഇപ്പോൾ വിവിധ മെഡിക്കൽ കോളേജുകളിൽ ചികിത്സയിലുണ്ട്.

 

അലർജി, മറ്റുരോഗങ്ങൾ എന്നിവ കാരണം കോവിഡ് വാക്സിൻ സ്വീകരിക്കാൻ സാധിക്കാത്ത രോഗികൾ അക്കാര്യം തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ചികിത്സ സൗജന്യമായി നൽകും. കോവിഡ് വാക്സിൻ സ്വീകരിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുന്ന സർക്കാർ ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റ് ഒരാഴ്ചയ്ക്കകം ഹാജരാക്കാമെന്ന സത്യവാങ്മൂലം എഴുതിനൽകുന്ന രോഗിക്ക് അതിന്റെ അടിസ്ഥാനത്തിൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പ്രകാരമുള്ള സൗജന്യചികിത്സ നൽകും. രോഗി തുടർന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത സാഹചര്യമുണ്ടായാൽ ആ രോഗിയുടെ ചികിത്സയ്ക്കായി ചെലവഴിച്ച തുക ഈടാക്കുന്നതിന് റവന്യൂ റിക്കവറി നടപടി സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. രോഗികളെയും ഡോക്ടർമാരെയും ആശുപത്രി അധികൃതരെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് ഈ ഉത്തരവ്.

 

കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിഞ്ഞദിവസം പ്രവേശിപ്പിച്ച കൊയിലാണ്ടിയിൽനിന്നുള്ള വൃദ്ധയായ കോവിഡ് രോഗിയുടെ ബന്ധുക്കൾ കാരുണ്യ പദ്ധതിപ്രകാരമുള്ള സൗജന്യചികിത്സ ലഭിക്കില്ലെന്നറിഞ്ഞതോടെ നെട്ടോട്ടമായി. സ്ഥലത്തില്ലാതിരുന്നതുകൊണ്ടും പിന്നെ വാക്സിൻക്ഷാമം കാരണവുമാണ് ഇവർക്ക് നേരത്തെ വാക്സിനെടുക്കാൻ കഴിയാതിരുന്നത്. എങ്കിലും ഇത് സാക്ഷ്യപ്പെടുത്തി നൽകാൻ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ തയ്യാറാവുന്നില്ല. രോഗികളോ അവരുടെ ബന്ധുക്കളോ പറയുന്ന കാരണം ശരിയാണോ എന്ന് ഉറപ്പിക്കാൻ കഴിയാത്തതിനാൽ ഇങ്ങനയൊരു സാക്ഷ്യപത്രം നൽകാൻ ഡോക്ടർമാർ തയ്യാറാവില്ല. ഫലത്തിൽ അർഹതപ്പെട്ട സൗജന്യചികിത്സ നിഷേധിക്കപ്പെടുകയാണെന്ന് രോഗികളും ബന്ധുക്കളും പറയുന്നു.

spot_img

Related Articles

Latest news