ഇസ്രയേലിന്റെ ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ചുനടന്ന ഫോണ്‍ ചോര്‍ത്തല്‍ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷിക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്. രാജ്യത്തെ പ്രതിപക്ഷ നേതാക്കൾ, പത്രപ്രവർത്തകർ തുടങ്ങിയവരുടെ ഫോൺ വിവരങ്ങൾ പെഗാസസ് വഴി ചോർത്തി.
ഇസ്രയേൽ സർക്കാരുമായി മോഡി സർക്കാരിന് നല്ല ബന്ധമുള്ളതിനാൽ ഇന്ത്യൻ സർക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇത്തരത്തിലൊരു നിരീക്ഷണം എങ്ങനെ സംഭവിച്ചുവെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ചോദിച്ചു. ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും സ്വകാര്യതയ്ക്കുള്ള അവകാശം നൽകുന്നുണ്ട്. സുപ്രീം കോടതി പോലും ഈ അവകാശം ശരിവച്ചിട്ടുണ്ട്. അതിനാൽ സത്യം പുറത്തുവരണം.
മോഡി സർക്കാർ അധികാരത്തിൽ വന്നതു മുതൽ പൗരന്മാരുടെ ഭരണഘടനാപരമായി ഉറപ്പുനൽകുന്ന അവകാശങ്ങളെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.