സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങൾ തയാറാക്കുന്ന പാനൽ സമ്മേളനത്തിൽ അവതരിപ്പിക്കും. പുതിയ സംസ്ഥാന സമിതി യോഗം ചേർന്നായിരിക്കും സെക്രട്ടറിയെ തെരഞ്ഞെടുക്കുക.
കോടിയേരി ബാലകൃഷ്ണൻ തുടരാൻ തന്നെയാണ് ധാരണ. സെക്രട്ടേറിയറ്റ് രൂപീകരണവും ഇന്ന് തന്നെ ഉണ്ടായേക്കും.
75 വയസ് മാനദണ്ഡം ബാധകമായവർക്കു പുറമേ ചില മുതിർന്ന നേതാക്കളെയും കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കും. ആനത്തലവട്ടം ആനന്ദൻ, പി.കരുണാകരൻ, കെ.ജെ.തോമസ്, എം.എം.മണി എന്നിവർ പ്രായപരിധി മാനദണ്ഡത്തിന്റെ പേരിൽ ഒഴിവാകും. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി.കെ.ശ്രീമതി, ഇ.പി.ജയരാജൻ, എ.കെ.ബാലൻ, എം.വി.ഗോവിന്ദൻ എന്നിവരിൽ ചിലരെ സെക്രട്ടേറിയറ്റിൽ നിന്ന് മാറ്റിയേക്കാം.
എം.വിജയകുമാറോ , കടകംപള്ളി സുരേന്ദ്രനോ ആനത്തലവട്ടത്തിന്റെ ഒഴിവിൽ സെക്രട്ടേറിയറ്റിലെത്താൻ സാധ്യതയുണ്ട്.
വനിതകളിൽ ജെ.മെഴ്‌സിക്കുട്ടിയമ്മ, സി.എസ്.സുജാത എന്നിവരിലൊരാൾ പരിഗണിക്കപ്പെട്ടേക്കാം. മന്ത്രിമാരിൽ സജി ചെറിയാനെക്കാൾ സാധ്യത വി.എൻ.വാസവനാണ് . എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ സെക്രട്ടേറിയറ്റിലെത്തിയേക്കും. യുവ പ്രതിനിധിയായി എം.സ്വരാജിനെ പരിഗണിക്കണമെന്ന അഭിപ്രായമുള്ളവരും പാർട്ടിയിലുണ്ട്.
എ സി മെയ്തീൻ, മുഹമ്മദ് റിയാസ് , എ എൻ ഷംസീർ , എന്നിവരിൽ ഒരാൾ സെക്രട്ടറിയേറ്റിലേക്ക് വന്നേക്കും. പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്റെ പേരും ഉയർന്ന് കേൾക്കുന്നു.
കോഴിക്കോട്ട് നിന്ന് ടി.പി.രാമകൃഷ്ണൻ ഒഴിവാകുകയാണെങ്കിൽ പി.മോഹനൻ കമ്മറ്റിയിലെത്തും. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താൻ സാധ്യത ഏറെയാണ്. പി.ജയരാജൻ ഇത്തവണയും പരിഗണിക്കപ്പെടാനിടയില്ല.