മന്‍സൂര്‍ കൊലപാതകം ദൗര്‍ഭാഗ്യകരം; സിപിഎമ്മിന് പങ്കില്ലെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: കുത്തുപറമ്പില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. കൊലയില്‍ പങ്കില്ല. സിപിഎമ്മിന് സ്വാധീനമില്ലാത്ത മേഖലയിലാണ് കൊലപാതകം നടന്നത്. സിപിഎം നേതൃത്വത്തില്‍ ഇവിടെ അക്രമം നടത്തിയെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി ലീഗ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്.

സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. ലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി പ്രദേശത്ത് പ്രകോപനം സൃഷ്ടിച്ചു. മാധ്യമ പ്രവര്‍ത്തകരെയും ലീഗുകാര്‍ മര്‍ദ്ദിച്ചു. കണ്ണൂരില്‍ നിയമസഭ തെരഞ്ഞെടുപ്പ് ശാന്തമായി നടന്ന സാഹചര്യത്തില്‍ ഇത്തരമൊന്ന് ഉണ്ടാകരുതായിരുന്നു.

കണ്ണൂരില്‍ സംഘര്‍ഷം കുറക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഫലപ്രദമായി ഇടപെടുന്നുണ്ട്. ഇതിന്‍റെ ഫലമായി സംഘര്‍ഷം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ സഹകരിക്കുന്നുണ്ട്. സമാധാനമുണ്ടാക്കാന്‍ കൂട്ടായ പരിശ്രമമുണ്ടാകും. ഇതിന് സി.പി.എം മുന്‍കൈയെടുക്കുമെന്നും എം.വി ജയരാജന്‍ വ്യക്തമാക്കി.

ചൊക്ലി പുല്ലൂക്കര സ്വദേശി മന്‍സൂര്‍ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ മന്‍സൂറ്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരന്‍ മുഹ്സിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇരുപതംഗ ഡിവൈഎഫ്‌ഐ സംഘമാണ് ആക്രമിച്ചത്. പേര് ചോദിച്ച്‌ ഉറപ്പാക്കിയ ശേഷമാണ് തന്നെ ആക്രമിച്ചതെന്ന് കണ്ണൂരില്‍ കൊല്ലപ്പെട്ട മന്‍സൂറിന്‍റെ സഹോദരന്‍ മുഹ്സിന്‍ പറയുന്നു.

മന്‍സൂര്‍ കൊല്ലപ്പെട്ടത് ബോംബേറിലെന്ന് പോസ്റ്റ്‍മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. കാല്‍മുട്ടിലെ മുറിവ് വെട്ടേറ്റതല്ലെന്നും ബോംബേറ് മൂലമുണ്ടായതെന്നുമാണ് കണ്ടെത്തല്‍. ഇടത് കാല്‍മുട്ടിന് താഴെയായിരുന്നു ഗുരുതര പരിക്ക്. ബോംബ് സ്ഫോടനത്തില്‍ ചിതറിപ്പോയത് കൊണ്ട് തലശ്ശേരിയിലെയും വടകരയിലെയും ആശുപത്രികളില്‍ നിന്ന് പരിക്ക് തുന്നിച്ചേര്‍ക്കാന്‍ പറ്റിയില്ല.

പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മന്‍സൂറിന്റെ മൃതദേഹം വിട്ടുനല്‍കി.

spot_img

Related Articles

Latest news