മലപ്പുറം: ബിജെപിയുടെയും സുഡാപ്പിയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും വരെ വോട്ട് സ്വീകരിക്കുമെന്ന സിപിഎം നേതാവിന്റെ പ്രസംഗം വിവാദമാകുന്നു.സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റംഗം ടി എം സിദ്ദിഖ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗമാണ് വിവാദമാകുന്നത്. കോണ്‍ഗ്രസെന്നോ ലീഗെന്നോ ബിജെപിയെന്നോ സുഡാപ്പിയെന്നോ ജമാ അത്തെ ഇസ്ലാമിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടേയും പിന്തുണ തേടുകയാണെന്നായിരുന്നു ടി എം സിദ്ദിഖിന്റെ പ്രസംഗം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സിപിഎമ്മിനെതിരെ വലിയ വിമർശനമാണ് രാഷ്ട്രീയ എതിരാളികള്‍ ഉയർത്തുന്നത്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു സിദ്ദിഖിൻ്റെ പരാമർശം. മനുഷ്യന്റെ പിന്തുണയാണ് എം സ്വരാജിന് വേണ്ടതെന്നും പ്രസംഗത്തില്‍ സിദ്ദിഖ് പറയുന്നുണ്ട്.
‘നിലമ്പൂരിന്റെ ശബ്ദം ഉയർന്നുകേള്‍ക്കണമെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ എല്ലാ മനുഷ്യന്റേയും സർപ്പണമാണ് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസെന്നോ ലീഗെന്നോ ബിജെപിയെന്നോ സുഡാപ്പിയെന്നോ ജമാ അത്തെ ഇസ്ലാമിയെന്നോ വ്യത്യാസമില്ല. എല്ലാ മനുഷ്യരുടെയും പിന്തുണയാണ് ആഗ്രഹിക്കുന്നത്’, ടി എം സിദ്ദിഖ് പറഞ്ഞു.
അതേസമയം എല്‍ഡിഎഫ് സ്ഥാനാർഥി എം സ്വരാജ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 10.30ഓടെ പ്രകടനമായെത്തിയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. സ്ഥാനാർത്ഥിയുടെ വാഹന പര്യടനം തുടരുകയാണ്. ഇന്നത്തെ വാഹന പര്യടനം രാവിലെ 8 ന് നിലമ്പൂർ കോവിലകത്തുമുറിയില്‍ നിന്നാണ് തിരഞ്ഞെടുപ്പ് വാഹന പ്രചാരണം ആരംഭിക്കുക. ഉച്ചക്ക് മൂന്നുമണിക്ക് തോണിപൊയിലില്‍ നിന്ന് പുനരാരംഭിക്കുന്ന പര്യടനം രാത്രി എട്ടിന് നെടുമുണ്ടക്കുന്ന് അവസാനിക്കും. വരും ദിവസങ്ങളില്‍ ഓരോ പഞ്ചായത്തിലും നഗരസഭയിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രത്യേക കണ്‍വെൻഷനുകളും എല്‍ഡിഎഫ് സംഘടിപ്പിക്കുന്നുണ്ട്.