80 മുതല്‍ 100 സീറ്റുകള്‍ വരെ നേടുമെന്ന് വിലയിരുത്തി സംസ്ഥാന സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ ഭരണ സാദ്ധ്യത ഉറപ്പെന്ന് സി പി എം. 80 മുതല്‍ 100 സീറ്റുകള്‍ വരെ നേടുമെന്ന് വിലയിരുത്തിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ തവണത്തെക്കാള്‍ 15-20 സീറ്റുകള്‍ അധികമായി ലഭിച്ചേക്കുമെന്നും കരുതുന്നുണ്ട്. കടുത്ത മത്സരം നടന്ന പല മണ്ഡലങ്ങളിലും വിജയം ഇടതിനായിരിക്കുമെന്നും പലയിടത്തും ബി ജെ പി നിശ്ചലമായിരുന്നുവെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
അവസാന ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രചാരണത്തിനെത്തിയത് യു ഡി എഫിന് ഗുണം ചെയ്തുവെങ്കിലും അധികാരത്തില്‍ വരാന്‍ കഴിയുന്ന രീതിയില്‍ നേട്ടം ഉണ്ടാക്കാന്‍ വലതുമുന്നണിക്ക് കഴിഞ്ഞില്ലെന്നുമാണ് മറ്റൊരു വിലയിരുത്തല്‍.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് സമ്പൂർണ്ണ നേതൃയോഗം ചേരുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളിലെ സാദ്ധ്യതകളും യോഗം വ്യക്തമായി വിലയിരുത്തി. ഒരോ മണ്ഡലങ്ങളിലെയും നിലവിലുള്ള സാഹചര്യം പരിശോധിച്ചശേഷമായിരുന്നു വിലയിരുത്തല്‍.
ഒട്ടുമിക്ക അഭിപ്രായ സര്‍വേകളും ഇടതിന് തുടര്‍ഭരണ സാദ്ധ്യത ഉണ്ടാകുമെന്ന തരത്തിലായിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കളയുന്ന യു ഡി എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും എല്‍ ഡി എഫിന്റെ പല സീറ്റുകളും പിടിച്ചെടുക്കുമെന്നും അവകാശപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പ് ദിവസം ശബരിമല പ്രശ്നം ചര്ച്ചയായതുള്പ്പടെയുള്ള കാരണങ്ങള്‍ യു ഡി എഫിന്റെ തിരിച്ചുവരവിന് അവസരമൊരുക്കുമെന്നും നേതാക്കള്‍ പറയുന്നു. സിറ്റിംഗ് സീറ്റായ നേമം നിലനിറുത്തുന്നതിനൊപ്പം മറ്റു ചില സീറ്റുകള്‍ കൂടി കൈപ്പിടിയിലൊതുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.