കോഴിക്കോട്: മത്സരിക്കാനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന് ബി.ജെ.പിക്ക് വീണ്ടും തലവേദനയാകുന്നു. ശോഭയുടെ ആവശ്യങ്ങളും ആവലാതികളും പരിഹരിക്കാന്‍ വി. മുരളീധരന് പക്ഷം കാര്യമായ ശ്രമം നടത്താത്തതിനാലാണ് ഏഴു തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ശോഭ ഇത്തവണ വിട്ടുനില്‍ക്കുന്നത്.
പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റിയിലുള്പ്പെടുത്താനും എതിര്‍പക്ഷം തയാറായിട്ടില്ല. അര്‍ഹമായ പരിഗണനയില്ലെങ്കില്‍ ശോഭ മത്സരിക്കില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു വര്‍ഷമായി വിട്ടുനില്‍ക്കുന്നതിനാല്‍ പാര്‍ട്ടിയുമായി അകല്‍ച്ച വര്‍ധിക്കുന്നതും അങ്കത്തില്നിന്ന് പിന്മാറാന് കാരണമായി. കോര്‍ കമ്മിറ്റി സ്ഥാനം ഉള്‍പ്പെടെയുള്ള പദവികള്‍ ഇനി കിട്ടില്ലെന്ന സൂചനയുമുണ്ട്.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വിജയ യാത്രയിലും ശോഭ സുരേന്ദ്രന് പങ്കെടുക്കാനിടയില്ല. യു.ഡി.എഫ് അടക്കം സീറ്റ് ചര്‍ച്ചകള്‍ തുടങ്ങാനിരിക്കേ വരും ആഴ്ചകളിലെ ശോഭയുടെ നീക്കങ്ങളും നിര്‍ണായകമാവും. സെക്രട്ടറിയറ്റിന് മുന്നില്‍ ഒറ്റക്ക് സമരം നടത്തുന്ന ശോഭയുടെ നടപടിയും ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാറിനെ പുര്‍ണമായും സമ്മര്‍ദത്തിലാക്കുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരം യു.ഡി.എഫ് ഏറ്റെടുത്തത് കെ. സുരേന്ദ്രന്റെ പരാജയത്തിന്റെ ലക്ഷണമാണെന്നാണ് ശോഭ പക്ഷത്തിന്റെ വിലയിരുത്തല്‍. ഉമ്മന്‍ ചാണ്ടിയടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ സമരസ്ഥലത്തെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, യുവമോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് മാര്ച്ചുകളല്ലാതെ കൃത്യമായ സമരരീതി ബി.ജെ.പിക്കില്ലായിരുന്നു. വ്യാഴാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്ന യുവമോര്‍ച്ച, മഹിളമോര്‍ച്ച മാര്‍ച്ചുകള്‍ മാറ്റിവെച്ചതിലും ദുരൂഹതയുണ്ട്..
കോണ്‍ഗ്രസ് മുക്ത കേരളമെന്ന ലക്ഷ്യമുള്ളതിനാലാണ് ബി.ജെ.പി ഔദ്യോഗിക പക്ഷം നിര്‍ണായക സമരത്തിനെത്താത്തതെന്ന ആരോപണവുമുയരുകയാണ്. സി.പി.എമ്മുമായി രഹസ്യധാരണയുണ്ടെന്നാണ് ശോഭ പക്ഷത്തിന്റെ ആരോപണം.
ആറ് സീറ്റുകളില്‍ ബി.ജെ.പിയെ എല്‍.ഡി.എഫ് വിജയിപ്പിക്കും, മറ്റ് സീറ്റുകളില്‍ എല്‍.ഡി.എഫിന് നിശ്ചിത ശതമാനം വോട്ട് ബി.ജെ.പി നല്‍കുമെന്നും ഇവര്‍ പറയുന്നു. ഇത്തരം ധാരണയുള്ളതിനാലാണ് ഉദ്യോഗാര്‍ഥി സമരത്തില്‍ നിന്ന് ഒളിച്ചോടുന്നതെന്നാണ് ആക്ഷേപം. സര്‍ക്കാറിനെതിരെ ശക്തമായ ഇടപെടല്‍ വേണമെന്നാണ് ആര്.എസ്.എസ് പ്രവര്‍ത്തകരുടെ നിലപാട്. അതേ സമയം, ഉദ്യോഗാര്‍ഥികളുടെ വിഷയത്തില്‍ താനടക്കം നേരത്തേ ഇടപെട്ടിട്ടുണ്ടെന്ന് കെ. സുരേന്ദ്രന് പറഞ്ഞു.