തലശേരി ന്യൂമാഹിക്കടുത്ത് സിപിഐഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐഎം ഹർത്താലിന് തലശ്ശേരി നഗരസഭയിലും, ന്യൂമാഹി പഞ്ചായത്തിലും ആഹ്വാനം ചെയ്തു.
ഇന്ന് പുലർച്ചെയാണ് തലശേരി ന്യൂമാഹിക്കടുത്ത് സിപിഐഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചത്. കൊല്ലപ്പെട്ട ഹരിദാസ് മത്സ്യത്തൊഴിലാളിയാണ്. കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.
ഹരിദാസിന്റേത് ആസൂത്രിത കൊലപാതകമെന്ന് തലശേരി മുൻസിപ്പൽ ചെയർമാൻ സി.കെ രമേശൻ പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സമയത്താണ് വീടിന്റെ പറമ്പിൽ പതിയിരുന്ന ആക്രമികൾ ഹരിദാസനെ ആക്രമിച്ച് കൊലപ്പെടുത്തുന്നതെന്ന് രമേശൻ പറഞ്ഞു.
സമാധാന അന്തരീക്ഷം നിലനിൽക്കുന്ന അന്തരീക്ഷത്തിൽ ബോധപൂർവം സംഘർഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ കൊലപാതകമെന്ന് രമേശൻ ആരോപിച്ചു. ആർഎസ്എസ് നേതൃത്വം അറിഞ്ഞുകൊണ്ടുള്ള കൊലപാതകമാണ് ഇതെന്നും രമേശൻ ആരോപിച്ചു.
ക്ഷേത്രത്തിന്റെ ഉത്സവവുമായി ബന്ധപ്പെട്ട് ചെറിയ വാക്കുതർക്കം ഉണ്ടായിരുന്നുവെങ്കിലും ഒരു കൊലപാതകത്തിലേക്ക് നയിക്കാൻ തക്ക പ്രശ്‌നങ്ങളൊന്നും ഉടലെടുത്തിരുന്നില്ലെന്ന് തലശേരി മുൻസിപ്പൽ ചെയർമാൻ വ്യക്തമാക്കി.