ദുബൈ: ടി20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (BCB) ആവശ്യം ഐസിസി തള്ളി. ഇന്ത്യയിലെ ഏതെങ്കിലും വേദിയിലും ബംഗ്ലാദേശ് താരങ്ങൾക്കോ ഉദ്യോഗസ്ഥർക്കോ ആരാധകർക്കോ ഒരു തരത്തിലുമുള്ള സുരക്ഷാ ഭീഷണി ഉണ്ടാകില്ലെന്ന് ഐ സി സി യ്ക്ക് ഉറപ്പ് ലഭിച്ചതോടെയാണ് ബി സി ബിയുടെ ആവശ്യം തള്ളിയത്.
ടൂർണമെന്റിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് കഴിഞ്ഞ ദിവസം (ബുധനാഴ്ച) വരെ അവസരം നൽകിയിരുന്നു. എന്നാൽ ഇതിൽ നിലപാട് വ്യക്തമാക്കാൻ ബംഗ്ലാദേശ് തയ്യാറായില്ല. വേദി മാറ്റം ഔദ്യോഗികമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് ഐ സി സി കഴിഞ്ഞ ദിവസം വിഡിയോ കോൺഫറൻസിലൂടെ യോഗം ചേർന്നത്.
നിലവിലെ സാഹചര്യത്തിൽ മത്സരങ്ങൾ മാറ്റുന്നത് ഐസിസി ഇവന്റുകളുടെ നടത്തിപ്പിനെ ബാധിക്കും. ആഗോള ഭരണസമിതിയായ ഐ സി സിയുടെ നിഷ്പക്ഷതയെ ദുർബലപ്പെടുത്തുകയും ചെയ്യും. വിവിധ സുരക്ഷാ റിപ്പോർട്ടുകൾ ബോർഡ് പരിശോധിക്കുകയും ബംഗ്ലാദേശ് ടീമിന് കാര്യമായ ഭീഷണി ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വേദി മാറ്റണ്ടേ സാഹചര്യമില്ലെന്ന് ഐസിസി വ്യക്തമാക്കി.
ബി സി ബിയുടെ ആവശ്യം വോട്ടിനിട്ടപ്പോൾ 16 അംഗ ബോർഡിൽ 14 പേർ എതിർത്ത് വോട്ട് ചെയ്തു. വേദി മാറ്റത്തിന് അനുകൂലമായി വോട്ട് ചെയ്തത് ബംഗ്ലാദേശും പാകിസ്ഥാനും മാത്രമാണെന്നും മറ്റ് അംഗങ്ങൾ എല്ലാം എതിർത്തെന്നും ഐസിസി വൃത്തങ്ങൾ പറഞ്ഞു. ജനുവരി 21നകം പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള അന്തിമ നിലപാട് അറിയിക്കാൻ ബംഗ്ലാദേശിന് സമയം നൽകിയിരുന്നെങ്കിലും തീരുമാനം അറിയിക്കാൻ ഐസിസി ഒരു ദിവസം കൂടി അനുവദിച്ചിട്ടുണ്ട്.

