ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്.

ഗുരുഗ്രാം: മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശിയായ മുഹമ്മദ് അസ്‌ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഫർഹാന (28) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഫർഹാനയെ കഴുത്ത്‌ഞെരിച്ച് കൊന്ന് അസ്‌ലം ജീവനൊടുക്കിയതാണെന്ന് ഗുരുഗ്രാം പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഗുരുഗ്രാം സെക്ടർ 68-ലെ വാടക അപ്പാർട്ട്‌മെന്റിൽ വ്യാഴാഴ്ചയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അസ്‌ലം

കൃത്യത്തിന് മുമ്പ് അസ്‌ലം, പിതാവിന്റെയും വീട്ടുഉടമയുടെയും മൊബൈൽ നമ്പറുകൾ ഉൾപ്പെടുത്തി തന്റെ ഓഫീസിലേക്ക് ഇ-മെയിൽ അയച്ചിരുന്നു. സംഭവം ഇവരെ അറിയിക്കണമെന്ന് അദ്ദേഹം കമ്പനിയോട് അഭ്യർത്ഥിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

അസ്ലം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ‘മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ട്. ഇമെയിൽ ഉൾപ്പെടെയുള്ള ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, ഇത്തരമൊരു കടുംകൈ ചെയ്യാനുള്ള കാരണം എന്താണെന്നടക്കം കണ്ടെത്താൻ ഞങ്ങൾ അന്വേഷണം നടത്തിവരികയാണ്’ ബാദ്ഷാപുർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മനോജ് കുമാർ പറഞ്ഞു.

ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലാത്തതിനാൽ കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.നാരകശ്ശേരി മുഹമ്മദ് ബാഖവി-നഫീസ ദമ്പതികളുടെ മകനാണ് അസ്‌ലം.
സഹോദരങ്ങൾ: ഉവൈസ്,റംല.
അബ്ദുറഹ്‌മാൻ-പരേതയായ ജമീല ദമ്പതികളുടെ മകളാണ് ഫർഹാന.
സഹോദരങ്ങൾ: ഫൗസിയ, ഫൈസൽ.

spot_img

Related Articles

Latest news