ഫുട്‌ബോള്‍ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസില്‍ നിന്നും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. റൊണാള്‍ഡോയെ ലോകോത്തര താരമാക്കി മാറ്റിയ യുണൈറ്റഡിലേക്ക് 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം തിരിച്ചെത്തുന്നത്.
സി.ആര്‍.7 എന്ന പേരിലാണ് റൊണാള്‍ഡോ ലോകം മുഴുവന്‍ അറിയപ്പെടുന്നത്. ഏഴാം നമ്പര്‍ ജഴ്‌സി മാത്രം ധരിക്കുന്ന റൊണാള്‍ഡോയ്ക്ക് ഈ നമ്പര്‍ ആദ്യമായി നല്‍കിയത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡാണ്. യുണൈറ്റഡിന് വേണ്ടി കളിച്ചാണ് റൊണാള്‍ഡോ സി.ആര്‍.7 എന്ന പേരുപോലും വളര്‍ത്തിയെടുത്തത്. വീണ്ടും തറവാട്ടിലേക്ക് തിരിച്ചെത്തുന്ന റൊണാള്‍ഡോയ്ക്ക് എന്നാല്‍ ഏഴാം നമ്പര്‍ ജഴ്‌സി ലഭിച്ചേക്കില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നിയമങ്ങളാണ് താരത്തിന് തിരിച്ചടിയാകുക.
നിലവില്‍ ഈ ജഴ്‌സി യുണൈറ്റഡിന്റെ മുന്നേറ്റതാരം എഡിന്‍സണ്‍ കവാനിയാണ് ധരിക്കുന്നത്. കവാനി ടീമിലിരിക്കേ ആ നമ്പര്‍ മറ്റൊരു താരത്തിന് നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല. യുണൈറ്റഡ് അതിനുശ്രമിച്ചാലും പ്രീമിയര്‍ ലീഗ് നിയമങ്ങള്‍ വിലങ്ങുതടിയാകും
റൊണാള്‍ഡോയ്ക്ക് ഏഴാം നമ്പര്‍ ജഴ്‌സി ലഭിക്കില്ല എന്ന വിവരം ലഭിച്ചതോടെ ആരാധകര്‍ ക്ഷുപിതരായി രംഗത്തെത്തി. റൊണാള്‍ഡോയെ ഏഴാം നമ്പര്‍ ജഴ്‌സിയിലല്ലാതെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ കാണാന്‍ കഴിയില്ലെന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നു.
ഇനി റൊണാള്‍ഡോയ്ക്ക് ഈ നമ്പര്‍ ലഭിക്കണമെങ്കില്‍ കവാനി ഈ സീസണില്‍ ടീം വിട്ടുപോകണം. നിലവിലെ സാഹചര്യത്തില്‍ അതിന് സാധ്യത കുറവാണ്. കാരണം ട്രാന്‍സ്ഫര്‍ വിപണി ഉടന്‍ തന്നെ അടയ്ക്കും. യുണൈറ്റഡുമായി ഇനിയും കരാര്‍ ബാക്കിയുള്ള കവാനി ഈ സീസണില്‍ ടീമില്‍ തന്നെ തുടരാനാണ് സാധ്യത.
അങ്ങനെയാണെങ്കില്‍ റൊണാള്‍ഡോയ്ക്ക് ഏഴാം നമ്പര്‍ ജഴ്‌സി ലഭിക്കില്ല. അതിനുപകരം താരം 28-ാം നമ്പര്‍ ജഴ്‌സിയാകും താരം തിരഞ്ഞെടുക്കുക. തന്റെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച സ്‌പോര്‍ടിങ് ലിസ്ബണില്‍ താരം ധരിച്ച ജഴ്‌സി നമ്പറാണിത്.