തിരുവനന്തപുരം : ചലച്ചിത്ര വ്യവസായത്തെ എക്കാലവും പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക പ്രതിരോധത്തിന്റെ പ്രധാന്യം വര്‍ധിച്ചിരിക്കുന്ന കാലമാണിത്. വിശാലമാനവികതയ്ക്കുവേണ്ടി നിലകൊള്ളുന്ന ചലച്ചിത്രങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം തുടർന്നു.
വിനോദോപാധി എന്നതിലുപരി ഉദാത്ത കലയെന്ന നിലയിലുള്ള ചലച്ചിത്രങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. കുടുംബത്തിലും സമൂഹത്തിലും നിലനില്‍ക്കുന്ന പുരുഷാധിപത്യത്തിന് എതിരെയുള്ള സ്ത്രീകളുടെ ചെറുത്തുനില്‍പ്പ്, ആദിവാസിയടക്കമുള്ള വിഭാഗങ്ങള്‍ക്ക് നേര്‍ക്കുള്ള ചൂഷണം, യന്ത്രയുഗത്തിലെ സങ്കീര്‍ണമായ മനുഷ്യ ബന്ധങ്ങള്‍ എന്നിവയെല്ലാം സിനിമകള്‍ക്ക് പ്രമേയമാകണം.
ചിത്രാഞ്ജലിയുടെ നവീകരണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ചലച്ചിത്രങ്ങള്‍ കേരളത്തില്‍ മികവുറ്റ രീതിയില്‍ നിര്‍മിക്കാനാകും. നിര്‍മാണ ചെലവ് കുറയ്ക്കാനാകും. വിവിധ കാരണങ്ങളാല്‍ ഇടക്കാലത്ത് സ്റ്റുഡിയോയുടെ വളര്‍ച്ച മന്ദഗതിയിലായി.
അതിനൊരു പരിഹാരമെന്ന നിലയിലാണ് നവീകരണം. കലാമേഖലയോടുള്ള പ്രോത്സാഹനത്തേയും ജനക്ഷേമ പ്രവര്‍ത്തനങ്ങളേയും നാട് പിന്തുണയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോ ചലച്ചിത്ര വ്യവസായത്തിന് വലിയമുതല്‍ക്കൂട്ടാകുമന്ന് ചടങ്ങില്‍ അധ്യക്ഷനായ സാംസ്കാരിക മന്ത്രി എ കെ ബാലന്‍ പറഞ്ഞു. സിനിമാ മേഖലയ്ക്ക് വലിയ പിന്തുണയാണ് സര്‍ക്കാര്‍ നല്‍കിയത്. കൂടുതല്‍ നേട്ടങ്ങളിലേക്ക് ഇനിയും നയിക്കും. അതിന് ഈ സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ വീഡിയോ സന്ദേശത്തിലൂടെ ആശംസ നേര്‍ന്നു. ഒ രാജഗോപാല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കെഎസ്‌എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, മധുപാല്‍, സുരേഷ്കുമാര്‍, കിരീടം ഉണ്ണി, അജിത്ത് കുമാര്‍, കൗണ്‍സിലര്‍ ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 150കോടി രൂപ ചെലവിലാണ് ചിത്രാഞ്ജലി സ്റ്റുഡിയോ അന്താരാഷ്ട്രനിലവാരത്തില്‍ നവീകരിക്കുന്നത്.