തിരുവനന്തപുരം:കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച രാത്രി കര്‍ഫ്യുവില്‍ തറാവീഹ് (റമദാന്‍ മാസത്തിലെ പ്രത്യേക നിസ്‌കാരം) നിസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇളവ്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന ഉന്നതതല സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
തറാവിഹ് നിസ്‌കാരത്തിന് പോയി വരുന്നതിനും അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനും തടസമില്ല. പൊലിസ് പരിശോധന ഉണ്ടാകും. അവര്‍ക്ക് ബോധ്യപ്പെട്ടാല്‍ നടപടി സ്വീകരിക്കില്ല. രാത്രി ഭക്ഷണം ഹോട്ടലുകളില്‍ നിന്നും പാഴ്‌സലായി നല്‍കാനും അതാത് ജില്ലാ ഭരണകൂടങ്ങള്‍ നടപടി സ്വീകരിക്കും.
മരുന്ന്, പാല്‍ എന്നിങ്ങനെ ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവരെ പൊലിസ് തടയില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. രാത്രി നിരോധന സമയം കടന്നുള്ള ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണം. കാറില്‍ ഒരാള്‍ മാത്രമാണെങ്കിലും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും ഡി.ജി.പി പറഞ്ഞു.
പൊതു, ചരക്കു ഗതാഗതത്തിനും അവശ്യ സേവനങ്ങള്‍ക്കും തടസമുണ്ടാവില്ല. അടിയന്തര ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടി വരുന്നവര്‍ അക്കാര്യം ബോധ്യപ്പെടുത്തണം. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന പരിശോധനയും നടപടിയും ഉണ്ടാവും. പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ പിഴ കൂടാതെ സ്ഥാപനങ്ങള്‍ രണ്ടു ദിവസം അടച്ചിടേണ്ടി വരും. ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടാന്‍ അനുവദിക്കില്ലെന്നും പലചരക്ക് കടകളും ഹോട്ടലുകളും രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിക്കാമെന്നും, ഒന്‍പതിനു ശേഷം പാഴ്‌സലുകളും നല്‍കാനാവില്ലെന്നും ഡി.ജി.പി പറഞ്ഞു.