ഇലക്ഷന് നാളുകളിൽ തമിഴ് മക്കളെ കയ്യിലെടുക്കാനെന്ന് ആരോപണം
ന്യൂഡൽഹി : ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന ബഹുമതിയായി കണക്കാക്കപ്പെടുന്ന ദാദ സാഹേബ് ഫാൽക്കെ പുരസ്കാരം പ്രശസ്ത തെന്നിന്ത്യൻ താരം രജനീകാന്തിന്. അൻപത്തി ഒന്നാമത്തെ പുരസ്കാരമാണ് ഈ വർഷത്തേത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
അമ്പത് വര്‍ഷമായി ചലച്ചിത്ര മേഖലയ്ക്ക് നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മോഹന്‍ലാല്‍, ശങ്കര്‍ മഹാദേവന്‍, ആശാ ബോസ്‌ലേ, സുഭാഷ് ഗയ് എന്നിവരായിരുന്നു പുരസ്‌കാരം നിര്‍ണയസമിതി അംഗങ്ങള്‍.
1975 ലാണ് രജനീകാന്ത് സിനിമാ ജീവിതം ആരംഭിക്കുന്നത്. അപൂര്‍വരാഗങ്ങളാണ് ആദ്യ ചിത്രം. 2016ൽ പത്മവിഭൂഷൺ, രണ്ട് തവണ പ്രത്യേക പരാമർശമുൾപ്പെടെ ആറു തവണ മികച്ച നടനുള്ള തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാർഡ്, ഫിലിം ഫെയർ അവാർഡുകൾ, 2014 ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ ഫിലിം പഴ്സനാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ പേരിലുള്ള ഈ പുരസ്‌കാരം അദ്ദേഹത്തിന്റെ 100ാം ജന്മവാര്‍ഷികമായ 1969 മുതലാണ് നല്‍കിത്തുടങ്ങിയത്. 2018ല്‍ അമിതാഭ് ബച്ചനായിരുന്നു ഒടുവിൽ പുരസ്‌കാരം ലഭിച്ചത്. ഇതിനു മുൻപ് ഒരു ദക്ഷിണേന്ത്യൻ താരത്തിന് ഈ പുരസ്കാരം ലഭിച്ചത് 1996 ൽ ജെമിനി ഗണേശനായിരുന്നു.
71 കാരനായ രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുകയും അനാരോഗ്യം കാരണം പിൻവാങ്ങുകയും ചെയ്തിരുന്നു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കേയാണ് പ്രഖ്യാപനം. തമിഴ്‌നാട്ടിലെ രജനി ആരാധകര്‍ വലിയൊരു വോട്ടുബാങ്ക് തന്നെയാണെന്നിരിക്കേ പ്രഖ്യാപനത്തിനെതിരെ വിമര്‍ശനമുയരുന്നുണ്ട്.