അഹമ്മദാബാദ് : ഡോ.ബി.ആര്. അംബേദ്കറുടെ ഓര്‍മകളോട് പോലും പുറംതിരിഞ്ഞു നില്ക്കുന്ന ബി.ജെ.പിക്ക് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കണമെന്ന ആഹ്വാനവുമായി ഗുജറാത്തിലെ ദലിത് കൂട്ടായ്മ. ദലിതുകള്‍ കാലാകാലങ്ങളായി മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളോടെല്ലാം ബി.ജെ.പിക്ക് നിഷേധ നിലപാടായിരുന്നു. അംബേദ്കറെ ദേശീയ നേതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന അപേക്ഷയും മുഖ്യമന്ത്രി വിജയ് രൂപാണി നിരസിച്ചതാണ് ഒടുവിലത്തെ പ്രകോപനം.
ഭരണഘടനാ ശില്പിയെ ദേശീയ നേതാവായി പ്രഖ്യാപിക്കണമെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഛായാചിത്രങ്ങള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ദലിത് അധികാര്‍ മഞ്ച് കണ്‍വീനര്‍ കീരിത് റാത്തോഡ് മുഖ്യമന്ത്രിക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നു. നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനമെന്ന മറുപടിയാണ് പൊതുഭരണ വകുപ്പില്‍ നിന്ന് ലഭിച്ചത്.
സ്കൂള്‍, പൊലീസ് സ്റ്റേഷന്, സര്‍ക്കാര്‍ ഓഫീസ് ചുമരുകളില്‍ സ്വാതന്ത്ര്യസമര സേനാനികളായ ഗാന്ധിജി, നെഹ്റു, പട്ടേല്‍ തുടങ്ങിയവരുടെയും സംഘ്പരിവാര്‍ നേതാക്കളായ ദീനദയാല്‍ ഉപാധ്യായ, ശ്യാമപ്രസാദ് മുഖര്‍ജി എന്നിവരുടെയും ചിത്രങ്ങളുണ്ട്.അംബേദ്കറുടെ ചിത്രം കൂടി ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ സന്നദ്ധമായില്ല.
പരാതിയില്‍ ദേശീയ പട്ടിക ജാതി കമീഷന് ഗുജറാത്തിനോട് വിശദീകരണം തേടിയിരുന്നു. ഭരണഘടനാശില്പിയെ അവഗണിച്ച ബി.ജെ.പി സര്‍ക്കാറിന് ഭരണഘടനാ മാര്‍ഗത്തിലൂടെ മറുപടി നല്‍കുമെന്നും തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് അടുത്തയാഴ്ച വഡോദരയില്‍ ചേരുന്ന ദലിത് കൂട്ടായ്മ നേതാക്കളുടെ യോഗം കൈക്കൊള്ളുമെന്നും രാത്തോഡ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ദലിതുളെ എക്കാലത്തും ബി.ജെ.പി രണ്ടാം തരം പൗരന്മാരായാണ് പരിഗണിക്കുന്നതെന്നും അംബേദ്കറുടെ ഓര്‍മയെപ്പോലും അകറ്റിനിര്ത്തുകയാണവരെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്ജുന് മോധ്വാഡിയ പ്രതികരിച്ചു. അംബേദ്കറോടോ അദ്ദേഹം രുപകല്പന ചെയ്ത ഭരണഘടനയോടോ തെല്ല് ബഹുമാനമില്ലാത്തവരാണ് സംസ്ഥാനം ഭരിക്കുന്നതെന്നായിരുന്നു നൗഷാദ് സോളങ്കി എം.എല്‍.എ അഭിപ്രായപ്പെട്ടത്. ഈ മാസം 21, 28 തീയതികളിലായാണ് 323 തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.