ദമ്മാം: ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റും കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനുമായിരുന്ന പി എം നജീബിന്റെ നിര്യാണത്തിൽ ദമ്മാം മീഡിയ ഫോറം അനുശോചിച്ചു. കോൺഗ്രസ്സ് അനുകൂല പ്രവാസി സംഘടനയുടെ മുൻ നിര നേതാവായിരുന്ന അദ്ദേഹം രാഷ്ട്രീയത്തിനതീതമായി വ്യക്തി ബന്ധങ്ങളും സൗഹൃദങ്ങളും കാത്ത് സൂക്ഷിച്ചിരുന്നത് രഷ്ട്രീയ പ്രവർത്തകർക്കും സാമൂഹിക പ്രവർത്തകർക്കും എന്നും മാതൃകയാക്കാവുന്നതാണ്. കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം പ്രവാസികളെ ബാധിക്കുന്ന പല വിഷയങ്ങളിലും സജീവമായി ഇടപെടുകയും തന്റെ സേവനങ്ങൾ അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. പ്രവാസി സമൂഹത്തിൽ വലിയ ആശങ്കകളുമായി കടന്ന് വന്ന നിതാഖാത്ത് വിഷയത്തിലും ആഗോള മഹാമാരിയായ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പ്രവാസി സമൂഹത്തിന് ആശ്വാസവും പ്രതീക്ഷയും നൽകുന്നതിൽ അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചിരുന്നു. എപ്പോഴും പുഞ്ചിരി തൂകുന്ന മുഖവുമായി പ്രവാസി സമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങളിൽ ആശ്വാസമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം പ്രവാസ ലോകത്ത് വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. മാധ്യമ പ്രവർത്തരുമായി വളരെ ഊഷ്മള ബന്ധമാണ് അദ്ദേഹം കാത്ത് സൂക്ഷിച്ചിരുന്നത്. മീഡിയ ഫോറം അംഗങ്ങൾക്കായി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തോടനുബന്ധിച്ച് നടന്ന അനുശോചന യോഗത്തിൽ മാധ്യമ പ്രവർത്തകരോരുത്തരും പി എം നജീബുമായുള്ള അവരുടെ അനുഭവം പങ്ക് വച്ചു. പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ, രക്ഷാധികാരി ഹബീബ് എലംകുളം, വൈസ് പ്രസിഡന്റ് ലുഖ്‌മാൻ വിളത്തൂർ, അഷ്‌റഫ് ആളത്ത്, നൗഷാദ് ഇരിക്കൂർ, പ്രവീൺ എന്നിവർ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി സിറാജുദീൻ വെഞ്ഞാറമൂട്, ട്രഷറർ മുജീബ് കളത്തിൽ, റഫീഖ് ചെമ്പോത്തറ നേത്രുത്വം നൽകി.