ദമ്മാം : തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയാതെ, രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ ഇപ്പോഴും കാഴ്ചക്കാരായി തുടരേണ്ടി വരുന്ന പ്രവാസികളുടെ അവസ്ഥ സർക്കാരുകൾ പരിഗണിക്കാതെ പോകുന്നത് അത്യന്തം ഖേദകരമാണെന്ന് ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് സംവാദം അഭിപ്രായപ്പെട്ടു. പൗരത്വമാണ് വോട്ടവകാശത്തിനുള്ള മാനദണ്ഡം എന്നിരിക്കെ രാജ്യത്തിൻറെ വികസനത്തിലും സാമ്പത്തിക വളർച്ചയിലും മുഖ്യ പങ്ക് വഹിക്കുന്ന പ്രവാസികളോടുള്ള ഈ അവഗണന അവസാനിപ്പിക്കാൻ പ്രവാസി സംഘടനകളുടെ ഏകീകൃത ശ്രമം ശക്തിപ്പെടുത്തേണ്ടതുണ്ട്.
പ്രവാസി ഇന്ത്യക്കാർക്ക് അവരുടെ പേരുള്ള വാർഡ് ബൂത്തിൽ എത്തിയാൽ മാത്രമാണ് നിലവിൽ വോട്ട് ചെയ്യാൻ കഴിയുകയുള്ളൂ. ഇത് അപ്രായോഗികവും അവകാശ നിഷേധവുമാണ്. സാങ്കേതികമായും നിയമപരമായും പ്രവാസി വോട്ടിന് പച്ചക്കൊടി ലഭിച്ച ഈ സന്ദർഭത്തിൽ അവ നടപ്പാക്കാൻ രാഷ്ട്രീയ പാർട്ടികളും സർക്കാരുകളുമാണ് ഇനി മുൻകൈ എടുക്കേണ്ടത്. ഇത് സാധ്യമാക്കാനുള്ള സമ്മർദ ശക്തിയാകാൻ കക്ഷിത്വം മറന്ന് പ്രവാസികൾ ഒന്നിക്കണമെന്ന ആവശ്യം അടുത്തൊരു തിരഞ്ഞെടുപ്പിന് മുമ്പെങ്കിലും സാധ്യമാക്കിയെടുക്കണമെന്ന് സംവാദത്തിൽ പങ്കെടുത്തവർ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹനീഫ് റാവുത്തർ, ഇ.കെ. സലിം (ഒഐസിസി), ബഷീർ വരോട്, രഞ്ജിത്ത് ഒഞ്ചിയം (നവോദയ), ആലിക്കുട്ടി ഒളവട്ടൂർ, അമീറലി കൊയിലാണ്ടി (കെഎംസിസി), ബെൻസി മോഹൻ, സാജൻ (നവയുഗം), നമീർ ചെറുവാടി, അബ്ദുൽ റഹീം വടകര (ഇന്ത്യൻ സോഷ്യൽ ഫോറം), എം.കെ.ഷാജഹാൻ, ഷബീർ ചാത്തമംഗലം (പ്രവാസി സംസ്‌കാരിക വേദി) എന്നിവർ പങ്കെടുത്തു.
വികസനമെന്ന പൊതു അജണ്ടയിൽ കാഴ്ചപ്പാട് ഉള്ളതോടൊപ്പം കേരളത്തെ കേരളമാക്കിയ മതേതര മനസ്സ് നിലനിർത്തുന്നതിൽ ഇടപെടുക എന്ന ദൗത്യം കൂടി ഇടതുപക്ഷം നിർവഹിക്കുന്നുണ്ടെന്നും ബിജെപിയും ഐക്യമുന്നണിയും തമ്മിൽ അകലം കുറഞ്ഞ് വരുന്നത് ജനം തിരിച്ചറിയുമെന്നും നവോദയ, നവയുഗം പ്രതിനിധികൾ പറഞ്ഞു. എന്നാൽ പൊതു പണം ഉപയോഗിച്ച് നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങൾ വോട്ടാക്കാനുള്ള ഉറപ്പേ ഭരണ പക്ഷത്തിനുള്ളൂ എന്നും രാഷ്ട്രീമായി ഒന്നും മുന്നോട്ട് വെക്കാനില്ലാത്തതാണ് ഇടതുപക്ഷത്തിന്റെ തോൽവി എന്നും ഓഐസിസി, കെഎംസിസി പ്രതിനിധികൾ പ്രതികരിച്ചു.
സമൂഹത്തെ ധ്രുവീകരിച്ച് നേടുന്ന സംഘ പരിവാരിൻറെ സമഗ്രാധിപത്യത്തെ നേരിടുന്നതിൽ ഇരു മുന്നണികളും തോൽക്കുന്നുവെന്ന് ഐഎസ് എഫ് പറഞ്ഞപ്പോൾ പൊലീസ് രാജിലൂടെയും മതഫോബിയയിലൂടെയും സാമൂഹിക നീതി നടപ്പാക്കുന്നതിൽ അമ്പേ പരാജയമാണ് നിലവിലെ സർക്കാർ എന്ന് പ്രവാസി സാസ്‌കാരിക വേദിയും അഭിപ്രായപ്പെട്ടു.
ദമ്മാം റോയൽ മലബാർ റസ്റ്ററന്റ് ഹാളിൽ നടന്ന പരിപാടി രക്ഷാധികാരി ഹബീബ് ഏലംകുളം ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലുഖ്‌മാൻ വിളത്തൂർ മോഡറേറ്ററായിരുന്നു. മീഡിയാ ഫോറം ട്രഷറർ മുജീബ് കളത്തിൽ,അംഗങ്ങളായ അഷ്‌റഫ് ആളത്ത്, നൗഷാദ് ഇരിക്കൂർ, മുഹമ്മദ് റഫീഖ് ചെമ്പോത്തറ, പ്രവീൺ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സിറാജുദീൻ വെഞ്ഞാറമൂട് സ്വാഗതവും പി.ടി.അലവി നന്ദിയും പറഞ്ഞു.