ഡേറ്റിങ് ആപ്പുകള്‍ ചതിക്കുഴികളാകുന്നുവോ? തട്ടിപ്പുകള്‍ തുടര്‍ക്കഥ

ന്യൂഡല്‍ഹി : സോഷ്യല്‍ മീഡിയ സജീവമായതോടെയാണ് ഡേറ്റിംഗ് ആപ്പുകളുടെയും ഉപയോഗം വര്‍ദ്ധിച്ചത്. മികച്ച പങ്കാളികളെ കാത്തിരിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പ്ലാറ്റ്‌ഫോം എന്നാണ് ഡേറ്റിംഗ് ആപ്പുകളെപ്പറ്റിയുള്ള പ്രചാരണം.

ഇത് സോഷ്യല്‍ മീഡിയയേക്കാള്‍ വിശ്വസ്ഥമാണെന്ന മിഥ്യാ ധാരണയാണ് ആളുകളെ ഡേറ്റിംഗ് ആപ്പുകള്‍ തേടി പോകാന്‍ നിര്‍ബന്ധിതരാക്കുന്നതും. എന്നാല്‍ ഇത്തരത്തില്‍ ഒരു ഉറപ്പും ഡേറ്റിംഗ് ആപ്പുകള്‍ക്ക് നല്‍കാനാവില്ലെന്ന് ശ്രദ്ധ വാല്‍ക്കറുടെ കൊലപാതകം ഉള്‍പ്പെടെ തെളിയിക്കുകയാണ്.

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെടുകയും, സൗഹൃദം സ്ഥാപിക്കുകയും ചെയ്ത ശേഷം പണം തട്ടുന്നവരുടെ വാര്‍ത്തകള്‍ ഇപ്പോള്‍ പതിവാണ്. ഡേറ്റിംഗ് ആപ്പില്‍ പരിചയപ്പെട്ട യുവാവ് തന്നെ കബളിപ്പിച്ച്‌ 2.46 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായി മുംബൈ സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. യുകെയില്‍ ഡോക്ടറാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയ ജീത്ത് മല്‍കര്‍ജിത്ത് എന്ന യുവാവ് ഇവരില്‍ നിന്ന് പണം തട്ടിയത്. നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടിലെത്തി പിന്നാലെ യുവതിയില്‍ നിന്ന് പണം തട്ടുകയായിരുന്നു.

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട വ്യക്തികളില്‍ നിന്ന് ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് 1200 ഓളം സ്ത്രീകള്‍ പറയുന്നു. ഇത്തരം കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതോടെ ഡേറ്റിംഗ് ആപ്പുകളുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്‌. ഇത്തരം ആപ്ലിക്കേഷനുകളെ സ്ത്രീകള്‍ കൂട്ടത്തോടെ ബഹിഷ്‌കരിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

2012 ല്‍ ടിന്‍ഡര്‍ ആരംഭിച്ചപ്പോള്‍ വളരെ സുരക്ഷിതമാണെന്ന് ചിന്തിച്ച പലരും ഇന്ന് അതില്‍ നിന്ന് പിന്മാറുകയാണ്. ടിന്‍ഡര്‍ മുതല്‍ ബംബ്ലി വരെയുള്ള ആപ്പുകള്‍ ഒന്നാകെ ബഹിഷ്‌കരിക്കുന്ന പ്രവണതയാണ് അടുത്തിടെയായി കണ്ടുവരുന്നത്. സിംഗിളായിരുന്നാലും പ്രശ്‌നമില്ല, ഡേറ്റിംഗ് ആപ്പിലൂടെ ആരെയും പരിചയപ്പെടാനോ ബന്ധം സ്ഥാപിക്കാനോ ആഗ്രഹിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇതില്‍ നിന്ന് പിന്മാറുന്നവരില്‍ ഏറിയ പങ്കും സ്ത്രീകളാണ്.

spot_img

Related Articles

Latest news