By: സന ഫാത്തിമ സക്കീർ
ഒരു സമർപ്പണം
കാലങ്ങളായി സമൂഹ മാധ്യമങ്ങളിൽ തിളങ്ങി നിൽക്കുന്ന ഒരു വിശേഷണമാണ് ഇര. ഭാരതാംബയുടെ മകളുടെ വിലാപത്തിന് മറുപടിയായി നമ്മൾ നൽകുന്നത് വെറും സഹതാപത്തോട് കൂടിയ നോട്ടം മാത്രം.
അവൾ ഒറ്റയ്ക്കായിരുന്നു അന്ന്. ഒറ്റയ്ക്കെന്നാൽ ഒരു കൂട്ടത്തിനിടയിൽ ഒറ്റയ്ക്കെന്നാണ്. മറ്റുള്ളവരുടെ പെരുമാറ്റമാകട്ടെ വല്ലാതെ മാനസികമായി അലട്ടുന്നതായി അവൾക്ക് അനുഭവപ്പെട്ടു . ആദ്യം തന്നെ സംസാരിക്കുന്നത് മാതാപിതാക്കളോടാണ്. അവരിൽ നിന്നും പ്രതീക്ഷിച്ച രീതിയിലുള്ള സാന്ത്വനം ലഭിക്കാത്തതിനാലാകണം സുഹൃത്തുക്കളുമായി പങ്കു വെക്കാൻ തീരുമാനിച്ചത് . അത്ഭുതമെന്തെന്നാൽ അവരെല്ലാം പരിഹസിച്ചു മടങ്ങിയെന്ന് മാത്രം.
ഇനി ഇലാഹിൽ മാത്രമായി പ്രതീക്ഷ. നീളമേറിയ കണ്ണീർപ്പുഴയാൽ കുതിർന്ന പ്രാർത്ഥനകളുടെ ഉത്തരത്തിനായി അവൾ രാപ്പകൽ കാത്തിരുന്നു. ഇതിനിടയിൽ അവൾ കേൾക്കേണ്ടിവന്ന നിലപാടുകൾ അനേകമായിരുന്നു, ” അയാൾ അങ്ങനെയൊന്നും വിചാരിച്ചാവില്ല, നീ ഒരു മകളെ പോലെയാണെങ്കിലോ? ” ഭാരതാംബയുടെ മകൾ തേങ്ങുന്നത് പോലും ഏറ്റ മർദ്ദനങ്ങൾ തുറന്ന് പറയുമ്പോൾ നേരിടേണ്ടി വരുന്ന ഒറ്റപ്പെടലിനെക്കുറിച്ചോർത്താണ്.
നാളുകൾ പിന്നിട്ടു. ഒന്നും പൊറുക്കാൻ കഴിയില്ലെങ്കിലും മറക്കാൻ അവൾ പഠിച്ചു. അങ്ങനെ അവളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ച ദിവസം നൽകി ഇലാഹവളെ സമാധാനിപ്പിച്ചു. സ്വർഗ്ഗത്തിലെ മാലാഖമാർ അവൾക്കായി ആ ദിവസം ആഘോഷിച്ചു അവളെ വരവേറ്റു. ഇര എന്ന ഒറ്റവാക്കിൽ ഒതുക്കിയാൽ അവസാനിക്കുന്നത് പ്രശ്നങ്ങളല്ല പലരുടേയും ജീവിതങ്ങളാണ്.
ഇന്ത്യയിൽ എന്നല്ല ലോകത്തെമ്പാടും സ്ത്രീകൾക് എതിരെയുള്ള അക്രമങ്ങളുടെ എണ്ണം കൂടുമ്പോൾ മാതാപിതാക്കളിൽ പെൺകുട്ടികൾ വളരുന്നതിനോടൊപ്പം അവരിലെ ഭയവും വളരുന്നു. തൊട്ടിലിൽ കിടക്കുന്ന പിഞ്ചു കുഞ്ഞാവട്ടെ, വൃദ്ധയായ സ്ത്രീകളാകട്ടെ ഇവരാരും സുരക്ഷിതരല്ല. “എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്” എന്ന നമ്മുടെ ദേശീയ പ്രതിജ്ഞ വിശാഖപട്ടണത്തിലെ വിദ്യാലയങ്ങളിൽ ചൊല്ലി തുടങ്ങുമ്പോൾ, ഏറ്റവും കൂടുതൽ റേപ്പ് കേസ്സ് കൾ രജിസ്റ്റർ ചെയ്ത പട്ടണങ്ങളിൽ ഒന്നായത് മാറുമെന്ന് അന്നാരും കരുതിയിട്ടുണ്ടാകില്ല.
എന്റെ സമപ്രായക്കാരായ ചില സുഹൃത്തുക്കളുമായി വിശേഷങ്ങൾ കൈമാറുന്നതിനിടയിൽ വളരെ ഭയാനകമായ ഒരു കാര്യം എന്നെ തൊട്ട് ഉണർത്തി. അവരിൽ പലർക്കും നമ്മെ സ്പർശിക്കുന്നവരുടെ ഉദ്ദേശം നല്ലതോ അതോ മോശമോ എന്ന് വേർതിരിക്കാൻ കഴിയുന്നില്ല . നാട്ടിൽ നിന്നും വീട്ടിൽ നിന്നും അകലെയായി വളരുമ്പോൾ പ്രായോഗിക അറിവിൽ എന്നെ പോലുള്ള പെൺകുട്ടികൾ എത്രത്തോളം പിന്നോക്കമാണെന്നതിന്റെ ദയനീയമായ തെളിവാണിത്.
ഒരാളുടെ മനസ്സറിയാൻ കഴിയാതെ പോകുമ്പോൾ പ്രതികരിക്കാൻ വൈകുന്നതിലൂടെ നമ്മെ ഒരു ഊരാക്കുടുക്കിൽ നാം തന്നെ വലിച്ചിഴക്കുന്നു. ഓർക്കേണ്ട ഒരു കാര്യം എന്തെന്നാൽ നിശ്ശബ്ദതയിലൂടെ ഒന്നും അവസാനിക്കുന്നില്ല, മറിച്ച് സമാധാനത്തിന്റെ പടികൾ തകരുന്നതിലൂടെ കൂടുതൽ പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുകയാണ്.
ഇത് പോലുള്ള നിസ്സഹായമായ ഘട്ടങ്ങളെ കുറിച്ചുള്ള അറിവും ധൈര്യവും പകരാൻ മാതാപിതാക്കൾക്ക് കഴിയണം; അതവർക്കേ കഴിയൂ. ചേർത്തു പിടിച്ചു തെറ്റ് ആരുടെ ഭാഗത്തെന്ന് ചൂണ്ടികാട്ടി അവരുടെ ഉള്ളിലെ പ്രതിഷേധത്തിന്റെ ശബ്ദത്തെ വീണ്ടെടുക്കുന്നതിലൂടെ പ്രതികാരശേഷി നഷ്‌ടപ്പെട്ട ഒരു ലോകത്തെയാണ് അവരിലൂടെ നമ്മൾ ഉണർത്തുന്നത്. അക്രമകാരികളിൽ നിന്നും അവരെ വിമുക്തമാക്കാനുള്ള പരിശീലനം തുടങ്ങേണ്ടത് സമൂഹത്തിന്റെ പരമാണുവായ നമ്മുടെ കൊച്ചു വീടുകളിൽ നിന്നാണ്.
ഹൈദരാബാദിൽ 2019 നവംബർ 29 ന് നടന്ന 27 വയസ്സുകാരിയായ ഡോക്ടറുടെ കേസ് നമ്മളെല്ലാവരെയും ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു. എന്നെ ആലോചനയിൽ ആഴ്ത്തിയത് എനിക്ക് ചുറ്റുമുള്ളവരുടെ പ്രതികരണവും. ഒരു കൂട്ടർ പോലീസ് മേധാവിയുടെ ധീരതയെ പുകഴ്ത്തി സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുന്നു; മറ്റു ചിലർ റേപ്പിസ്റ്റിനെ പുനരധിവസിപ്പിക്കുക എന്ന മാർഗവുമായി എത്തി.
ആദ്യം തന്നെ, ഇന്ത്യയിൽ നിയമപാലനത്തിന്റെ മേൽനോട്ടമല്ലാതെ നിയമനടപടികളുടെ ചുമതല പോലീസ് മേധാവികൾക്കല്ല. രണ്ടാമത്തേത്, റേപ്പിസ്റ്റിനെ പുനരധിവസിപ്പിക്കുന്നതിലൂടെ പ്രശ്നങ്ങൾ ഒതുങ്ങുകയില്ല ഗുരുതരമാവുകയേയുള്ളൂ. പിന്നെ ഇരയേയും കുടുംബത്തിനെയും അവർ ചെയ്യാത്ത കുറ്റത്തിന് അവരെ മാറ്റി നിർത്തുമ്പോൾ ഭാരതത്തിലെ പെണ്മക്കൾ എങ്ങനെ വിലപിക്കാതിരിക്കും?
നമുക്ക് വേണ്ടത് പുരുഷവിമുക്തസമൂഹമല്ല; മറിച്ച് പരസ്പര വിശ്വാസത്തോടെ സമാധാനത്തോടെ പുതുതലമുറക്ക് ഒരുമിച്ച് കളിച്ചു വളരാൻ കഴിയുന്ന ഒരു പൂന്തോപ്പാണ്. മനുഷ്യർ മനുഷ്യരായി തന്നെ പെരുമാറുന്നതിനു വേണ്ടി തന്റെ തൊട്ടടുത്തുള്ളത് തന്നെ പോലുള്ള ആരുടെയോ പെങ്ങളോ മകളോ ആണ് എന്ന കാര്യം ചെറുപ്രായത്തിൽ തന്നെ അവരുടെ മനസ്സിലേക്ക് പകർത്തണം.
ഇങ്ങനെ പരസ്പരം ബഹുമാനിക്കാൻ പഠിപ്പിക്കുമ്പോൾ ഒരു നേരിന്റെ ലോകം പുനർജനിക്കുന്നു. ഇന്ത്യൻ പ്രതിജ്ഞയുടെ സ്മരണയിൽ ഈ ലേഖനം ഞാൻ എന്റെ എല്ലാ സഹോദരി സഹോദരന്മാർക്കായി സമർപ്പിക്കുന്നു.
സന ഫാത്തിമാ സക്കീർ .
റിയാദിലെ യാര ഇന്റർനാഷണൽ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ലേഖിക.
മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നിങ്ങൾക്കുമുണ്ടോ ഒരു ആശയം ? നിങ്ങളുടെ സൃഷ്ടികള്‍ mediawingschannel@gmail.com എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും നിങ്ങളെക്കുറിച്ചുള്ള ചെറിയ കുറിപ്പും അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ മീഡിയാ വിങ്ങ്സിൽ പ്രസിദ്ധീകരിക്കും