ഓഗസ്റ്റ് 31 ന് അകം എല്ലാ അമേരിക്കക്കാരേയും ഒഴിപ്പിക്കണമെന്ന താലിബാന്റെ അന്ത്യശാസനത്തിൽ 24 മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. അന്ത്യശാസനം നടപ്പാക്കുക എളുപ്പമല്ലെന്ന് അമേരിക്ക പറയുന്നു.
അമേരിക്കൻ സേനാംഗങ്ങൾ അഫ്ഗാനിൽ തുടർന്നാൽ കാബൂൾ വിമാനത്താവളത്തിൽ ഇനിയും സംഘർഷങ്ങളുണ്ടാകുമെന്ന് താലിബാൻ മുന്നറിയിപ്പ് നൽകി. അമേരിക്കയോ ബ്രിട്ടനോ കൂടുതൽ സമയം ചോദിക്കുകയാണെങ്കിലും ഉത്തരം ഇല്ല എന്നായിരിക്കുമെന്ന് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ അറിയിച്ചു.
താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതിന് പിന്നാലെ നിരവധി പേരാണ് രാജ്യം വിടാൻ തയാറെടുത്തത്. തുടർന്ന് കാബൂൾ വിമാനത്താവളത്തിൽ എട്ട് പേരാണ് സംഘർഷങ്ങൾക്കിടെ മരിച്ചത്. രക്ഷപ്പെടാനായി വിമാനച്ചിറകിൽ കയറിയവർ വിമാനത്തിൽ നിന്ന് വീണ് മരിക്കുന്ന ഹൃദയം നുറുങ്ങുന്ന കാഴ്ചയും ലോകം കണ്ടു.