പത്തനംതിട്ട: പട്ടാഴിമുക്കില്‍ കാർ മനപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റിയ സംഭവത്തില്‍ ദുരൂഹത നീക്കാൻ ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ്.രാസ പരിശോധനക്ക് പുറമെ, അനുജയുടെയും ഹാഷിമിന്റെയും മൊബൈല്‍ ഫോണുകളിലെ വിവരങ്ങളും പൊലീസ് വീണ്ടെടുക്കും. ഫോണ്‍ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് ലഭിക്കുന്നതോടെ കാര്യങ്ങളില്‍ വ്യക്തതയുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. മരിച്ച ഹാഷിമിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ സംസ്കരിച്ചു. അനുജയുടെ സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.
വിനോദയാത്ര കഴിഞ്ഞു മടങ്ങിവന്ന അനുജയെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയ ഹാഷിം എന്തിനു ലോറിയിലേക്ക് കാർ ഇടിച്ചുകയറ്റി എന്നതാണ് പൊലീസിനു മുന്നിലെ പ്രധാനചോദ്യം. ബന്ധുക്കള്‍ക്ക് ഇവരുടെ സൗഹൃദത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഇത് ഇരു കുടുംബങ്ങളും ആവർത്തിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയ പരിശോധനയിലൂടെ സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവുമെന്ന വിശ്വാസമാണ് പൊലീസിനുള്ളത്.
കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം രാസ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകള്‍ മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളില്‍നിന്ന് ശേഖരിച്ചു. മൊബൈല്‍ ഫോണിന്റെ ലോക്കഴിച്ച് വിവരങ്ങള്‍ ശേഖരിക്കാൻ പൊലീസിനു കഴിഞ്ഞില്ല. വാട്സാപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ വീണ്ടെടുക്കാനാണ് പൊലീസ് ശ്രമം. ഈ സാഹചര്യത്തിലാണ് വിദഗ്ധ പരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക്ക് ഫോണുകള്‍ അയക്കാൻ തീരുമാനിച്ചത്.