ബലാത്സംഗത്തിനെതിരെ ശക്തമായ ശിക്ഷാവിധി നടപ്പാക്കാനൊരുങ്ങുകയാണ് യു.എ.ഇ. ഇനി മുതല്‍ യു.എ.ഇയില്‍ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ഒരാളുടെ നിഷ്‌കളങ്കത, മറവി രോഗം എന്നിവയുടെ മറവില്‍ നടത്തുന്ന ലൈംഗിക അതിക്രമങ്ങളും സ്ത്രീകള്‍ക്കെതിരെ ബലം പ്രയോഗിച്ചു നടത്തുന്ന ലൈംഗിക അതിക്രമങ്ങളും വധശിക്ഷ ലഭിക്കാവുന്ന കുറ്റമായി കണക്കാക്കുമെന്ന് പബ്ലിക്ക് പ്രോസിക്യൂഷന്‍ പറയുന്നു.
അക്രമത്തിലൂടെയും ബലം പ്രയോഗിച്ചും സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മാത്രമല്ല ബലപ്രയോഗത്തിലൂടെ പുരുഷനുമായും പ്രകൃതിവിരുദ്ധ ബന്ധത്തിലേര്‍പ്പെടുന്നതും വധശിക്ഷ ലഭിക്കാവുന്ന കുറ്റമായി കണക്കാക്കും. കൂടാതെ 14 വയസിന് താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കും. ഇവര്‍ക്ക് വധശിക്ഷ തന്നെയാണ് ലഭിക്കുക. എന്നാല്‍ 14 വയസിന് താഴെയുള്ളവര്‍ക്കെതിരെ നടത്തുന്ന അതിക്രമത്തില്‍ ബലപ്രയോഗം തെളിയിക്കേണ്ട ആവശ്യമില്ലെന്നും പ്രോസിക്യൂഷന്‍ പറയുന്നു. അഗതികളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ജുവനൈല്‍ നിയമങ്ങള്‍ക്ക് പുറമെയാണ് ബലാത്സംഗത്തിന് വധശിക്ഷ ലഭിക്കുന്ന ഫെഡറല്‍ നിയമം.