ഇന്ന് ലോക എയ്ഡ്സ് ദിനം: അവഗണിക്കാതെ നമുക്ക് ചേർത്ത് നിർത്താം.

 

ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനം ഈ രോഗം കേട്ടാല്‍ തന്നെ എല്ലാവരുടെയും ഉള്ളില്‍ വരുക ഭയമാണ്.
എയ്ഡ്‌സ് രോഗബാധിതരെ സ്പര്‍ശിച്ചാലോ കെട്ടിപിടിച്ചാലോ എയ്ഡ്‌സ് പകരുമെന്ന ചിന്തയില്‍ അവരില്‍ നിന്ന് ഓടി ഒളിക്കുന്നവര്‍ നമുക്കിടയില്‍ ഇപ്പോഴുമുണ്ട്. ഭയമല്ല വേണ്ടത് ജാഗ്രതയാണ്. തെറ്റിദ്ധാരണാജനകമായ പല ചിന്തകളും ഈ അസുഖത്തെക്കുറിച്ച്‌ സമൂഹത്തില്‍ നിലവിലുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി കുറച്ച്‌ ശരീരത്തെ ദുര്‍ബലപ്പെടുത്തുകയെന്നതാണ് എച്ച്‌.ഐ.വി. ചെയ്യുന്നത്. ശരീരത്തിന്റെ പ്രതിരോധം ക്രമേണ കുറയുന്ന മുറയ്ക്ക് ക്ഷയം ഉള്‍പ്പടെ പലതരം അണുബാധകള്‍ ശരീരത്തിലുണ്ടാവുകയും തുടര്‍ന്ന് മരണത്തിലേക്ക് നയിക്കുകയും ചെയ്യും. ഇതാണ് ഈ അസുഖത്തിന്റെ രീതി.

രോഗം ബാധിച്ചയാളുടെ രക്തം സ്വീകരിക്കുക, രോഗം ബാധിച്ച അമ്മയില്‍ നിന്നും ഗര്‍ഭകാലത്ത് കുഞ്ഞിലേയ്ക്ക്, രോഗമുള്ള ആളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക, പൂര്‍ണമായും അണുവിമുക്തമാക്കാത്ത സൂചികള്‍ കൊണ്ട് ഇഞ്ചക്ഷന്‍ എടുക്കുക എന്നിവയാണ് പ്രധാനമായും ഈ രോഗം ശരീരത്തിലേക്ക് കടന്നുകയറാനുള്ള മാര്‍ഗ്ഗങ്ങള്‍. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്ന മുറയ്ക്ക് അപൂര്‍വങ്ങളായ പൂപ്പല്‍ ബാധകള്‍, കാന്‍സറുകള്‍, ക്ഷയരോഗം മുതലായവ പെട്ടെന്ന് രോഗിയെ ബാധിക്കുന്നു.

എയ്ഡ്സ് ചികിത്സയില്ലാത്ത രോഗം എന്നാണ് പൊതുവെ ഈ അസുഖത്തെക്കുറിച്ചുള്ള ഒരു തെറ്റായ ധാരണ. എന്നാല്‍ തക്കസമയത്ത് കൃത്യമായ ചികിത്സ തുടങ്ങാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും ഈ അസുഖം ബാധിച്ചവര്‍ക്ക് ആയുര്‍ദൈര്‍ഘ്യം നീട്ടിക്കിട്ടുന്നു. പണ്ടൊക്കെ നിരവധി ഗുളികകള്‍ രോഗി കഴിക്കേണ്ടിയിരുന്നു. എന്നാല്‍ ഇന്ന് ദിവസത്തില്‍ ഒരു ഗുളികയെന്ന കണക്കിലായി കുറയുകയും പാര്‍ശ്വഫലങ്ങള്‍ വളരെ കുറയുകയും ചെയ്തിട്ടുണ്ട്. രോഗം ബാധിച്ചയാളുടെ കൂടെ ഒരു മുറിയില്‍ ഇരുന്നത് കൊണ്ടോ, രോഗിയെ സ്പര്‍ശിച്ചതു കൊണ്ടോ, ഒരുമിച്ച്‌ ഒരു പാത്രത്തില്‍ ഭക്ഷണം കഴിച്ചതുകൊണ്ടോ ഒന്നും ഈ രോഗം മറ്റൊരാള്‍ക്ക് പകരുകയില്ല. ഇത്തരം അബദ്ധ ധാരണകള്‍ മൂലം ഈ രോഗം ബാധിച്ചവര്‍ പാര്‍ശ്വവത്‌കരിക്കപ്പെടുന്നു എന്നത് ഒരു സത്യം തന്നെയാണ്. ഉമിനീരിലൂടെ ഈ രോഗം പകരുകയില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

നേരത്തെ കണ്ടുപിടിച്ചാല്‍ പൂര്‍ണമായും നിയന്ത്രണവിധേയമാക്കുവാന്‍ കഴിയുന്ന ഒരു അസുഖമാണ് എച്ച്‌.ഐ.വി. രക്തദാനം മൂലമുള്ള രോഗപകര്‍ച്ച നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു പരിധിവരെയെങ്കിലും തടയാന്‍ സാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യവുമാണ്. ചികിത്സാരീതികള്‍ പുരോഗമിച്ചതോടെ അമ്മയില്‍ നിന്ന് കുഞ്ഞിലേയ്ക്കുള്ള രോഗപകര്‍ച്ചയെ പൂര്‍ണ്ണമായും തടയാന്‍ സാധിക്കുന്നുണ്ട്.

അതിനാല്‍ തെറ്റിദ്ധാരണകള്‍ മാറ്റിയെടുത്ത് ഈ രോഗം ബാധിച്ചവരെ നമുക്ക് ഒപ്പം ചേര്‍ക്കാം. നമുക്ക് ഒരുമിച്ചു തടുത്ത് നിര്‍ത്താന്‍ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെ.

spot_img

Related Articles

Latest news