മുക്കം നഗരസഭയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം 

മുക്കം: നഗരസഭയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ചെയർമാൻ പി.ടി. ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. നഗരസഭാ തലത്തിൽ നടത്തിയ മെഗാ വാക്സിനേഷൻ ക്യാമ്പുകൾ വിജയകരമായിരുന്നുവെന്ന് യോഗം വിലയിരുത്തി. ഇതുവരെ 11,034 പേർ വാക്സിൻ സ്വീകരിച്ചു.

45 വയസ്സിന് മുകളിലുള്ള 14,250 ആളുകളിൽ 7517 പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. ശേഷിക്കുന്ന മുഴുവനാളുകൾക്കും ഉടൻ വാക്സിൻ വിതരണം ചെയ്യാനും യോഗം തീരുമാനിച്ചു. നഗരസഭാതലത്തിൽ ആരംഭിച്ച കൺട്രോൾ റൂമിന്റെ ചുമതല എച്ച്.ഐ., ജെ.എച്ച്.ഐ. എന്നിവർക്ക് നൽകി. 9447686081, 7591914617, 9061446510 എന്നിവയാണ് കൺട്രോൾ റൂം നമ്പർ.

കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും രോഗലക്ഷണമുള്ള മുഴുവൻ പേരെയും പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചു. വാർഡ്തല ആർ.ആർ.ടി. പുനഃസംഘടിപ്പിച്ചിട്ടുണ്ട്. ആർ.ആർ.ടി. പ്രവർത്തനം ശക്തിപ്പെടുത്താൻ അംഗങ്ങൾക്ക് കില മുഖേന പരിശീലനം നൽകി. നഗരസഭാ തലത്തിൽ ഡൊമിസൈൽ കെയർ സെൻറർ (ഡി.സി.സി) ആരംഭിക്കാൻ മണാശ്ശേരി ഓർഫനേജ് സ്കൂളിന്റെ ഹോസ്റ്റൽ കെട്ടിടം സജ്ജീകരിച്ചിട്ടുണ്ട്. വ്യാപാരികളുടെയും ഓട്ടോ-ടാക്സി തൊഴിലാളികളുടെയും യോഗം വിളിക്കാനും ഇവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനും അതിനായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

18 വയസ്സിന് മുകളിലുള്ള എല്ലാവരും വാക്സിന് രജിസ്റ്റർചെയ്യാൻ യോഗം നിർദേശം നൽകി. കളക്ടറുടെ നിർദേശാനുസരണം സബ് കളക്ടർ, ഡി.എം.ഒ., ആരോഗ്യ നോഡൽ ഓഫീസർ ഡോ. ഷാജി, മുക്കം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവരെ അറിയിച്ചുകൊണ്ടും കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചുകൊണ്ടുമാണ് ക്യാമ്പുകൾ നടത്തിയിട്ടുള്ളത്. അതിനെതിരേ വരുന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും യോഗം വിലയിരുത്തി. നഗരസഭ നടത്തിവരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കുന്നതിനു വേണ്ടി ചിലർ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ യോഗം അപലപിക്കുകയും ചെയ്തു

സ്ഥിരംസമിതി അധ്യക്ഷന്മാർ, രാഷ്ട്രീയപ്പാർട്ടി നേതാക്കൾ, മെഡിക്കൽ ഓഫീസർ എം. മോഹനൻ, നോഡൽ ഓഫീസർ ഡോ. സി.കെ. ഷാജി, നഗരസഭാ ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, നഗരസഭാ സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

spot_img

Related Articles

Latest news