നാദാപുരം: നിരവധിപേരുടെ ജീവൻ രക്ഷിക്കാൻവേണ്ടി ആംബുലൻസുമായി റോഡിലൂടെ കുതിച്ചോടിയ വനിതാഡ്രൈവർ ഒൻപതാം ക്ലാസുകാരിയായ തന്റെ മകളുടെ ജീവൻ രക്ഷിക്കാൻ ഉദാരമതികളുടെ സഹായംതേടുന്നു. വിലങ്ങാട് ദീപ ജോസഫിന്റെ മകൾ എയ്ഞ്ചൽ മരിയ(13) ആണ് അണലിയുടെ കടിയേറ്റ് ഗുരുതരമായ നിലയിൽ കോഴിക്കോട് സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
മൂന്ന് ഡയാലിസിസ് പൂർത്തിയായതോടെ പെൺകുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ ഡോക്ടർമാർ പ്രകടിപ്പിക്കുന്നത്. അതിനായി അടിയന്തരമായി തുടർ ചികിത്സ നടത്തണം. അണലിയുടെ വിഷം ശരീരത്തിൽനിന്ന് ഇറങ്ങാൻ ഒരു ദിവസം ഡയാലിസിസ്, പ്ലാസ്മ ട്രീറ്റ്‌മെന്റ്, പ്ലൈറ്റൈ എന്നിവ മാറ്റണം. വിഷാംശം ശരീരത്തിലെ മുഴുവൻ അവയവങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഒരു ദിവസം ഒരു ലക്ഷം രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. മൊത്തം 10 ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്. ദിവസവേതനത്തിനായി ആംബുലൻസിന്റെ വളയം പിടിക്കുന്ന ദീപയ്ക്ക് ഇത്രയും വലിയ തുക താങ്ങാൻ പറ്റില്ല.
28-ന് ഇരിട്ടിയിലെ പിതാവിന്റെ സഹോദരിയുടെ വീട്ടുപരിസരത്തുനിന്നാണ് കുട്ടിയെ പാമ്പുകടിച്ചത്. കല്ലാച്ചി ഗവ.ഹയർസെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ മരിയ സ്കൂളടച്ചതിനെത്തുടർന്ന് പിതാവിന്റെ വീട്ടിൽ പോയതായിരുന്നു.
കടത്തനാട് മേഖലയിലെ ആദ്യത്തെ വനിതാ ഹെവിഡ്രൈവറാണ് ദീപ. കോളേജ് ബസിലെ ഡ്രൈവറായും ഏറെക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോവിഡിനെത്തുടർന്നുണ്ടായ ആദ്യ ലോക്ഡൗണിൽ കോളേജ് വാഹനത്തിലെ ജോലി നിലച്ചതോടെ ആംബുലൻസ് ഓടിക്കാൻ സ്വയം തയ്യാറായി രംഗത്തുവരികയായിരുന്നു ദീപ. ഉദാരമതികളുടെ സഹായം തേടുകയാണിവർ. വിലാസം: ദീപ ജോസഫ്, ഫെഡറൽ ബാങ്ക്, മെഡിക്കൽ കോളേജ് ബ്രാഞ്ച് കോഴിക്കോട്, അക്കൗണ്ട് നമ്പർ: 21390 1000 26574, ഐ.എഫ്.എസ്.സി.കോഡ് FDRL0002139.