ദമ്മാം: ജോലിക്കിടയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കൊല്ലം ഇത്തിക്കര സ്വദേശി സനല്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഘാന സ്വദേശിയും മരിച്ചു. ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ചതാണെന്നാണ് കരുതുന്നത്. ചോരവാര്‍ന്ന് ഗുരുതര നിലയില്‍ സെയില്‍ വാനില്‍ കാണപ്പെട്ട ഇയാളെ സംഭവ സ്ഥലത്ത് എത്തിയ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. അവിടെയെത്തുമ്പോള്‍ തന്നെ ഇയാള്‍ അതീവഗുരുതരാവസ്ഥയിലായിരുന്നു എന്നാണ് ദൃക് സാക്ഷികളുടെ വിവരണം. സംഭവമുണ്ടായ ബുധനാഴ്ച രാത്രിയോടെ തന്നെ ഇയാളും മരിച്ചു.
അന്ന് ഉച്ചക്കായിരുന്നു കത്തിക്കുത്തേറ്റ് സനല്‍ മരിച്ചത്.
പാല് വിതരണ കമ്പനിയിലെ ജോലിക്കാരായിരുന്നു ഇരുവരും. കൊല്ലം, മൈലക്കാട്, ഇത്തിക്കര സീതാ മന്ദിരത്തില്‍ പരേതനായ സദാനന്ദന്റെയും സീതമ്മയുടെയും മകന് സനല്‍ (35) 10 വര്‍ഷമായി ഇതേ കമ്പനിയിലെ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പം സെയില്‍സ് വാനില്‍ സഹായിയായി പോയതാണ് ഘാന സ്വദേശി. ഇയാള്‍ ഒരുവര്‍ഷം മുമ്പാണ് ഇതേ കമ്പനിയില്‍ ജോലിക്കെത്തിയത്.
സാധനം എടുത്തു വെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സനലിന് സഹായിയുടെ കുത്തേല്ക്കാനും മരണത്തിലേക്ക് കലാശിക്കാനും കാരണമെന്നാണ് സൂചന. വയറിന് കുത്തേറ്റ സനല്‍ വാനിലിരുന്ന് തന്നെ മരിച്ചു. സനല്‍ മരിച്ചെന്ന് മനസ്സിലാക്കിയ ഘാന സ്വദേശി സ്വയം കുത്തി മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നാണ് നിഗമനം. ഇവരുടെ പക്കല്‍ കത്തി എങ്ങനെ എത്തി എന്നതിനെക്കുറിച്ച് ആര്‍ക്കുമറിയില്ല.
നിരവധി മലയാളികള്‍ ജോലിചെയ്യുന്ന കമ്ബനി കൂടിയാണിത്. ഇവരെല്ലാം ഇപ്പോഴും ഞെട്ടലിലാണ്. അച്ഛന് നേരത്തേ മരിച്ചിരുന്നതിനാല്‍ സനലായിരുന്നു അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയം. സനല്‍ അവിവാഹിതനാണ്. ഒന്നര വര്‍ഷം മുമ്പ് വിവാഹത്തിനായി നാട്ടിലേക്ക് പോയെങ്കിലും വിവാഹം നടന്നില്ല. രണ്ടു മൂന്ന് മാസം കഴിഞ്ഞ് എക്സിറ്റില്‍ നാട്ടില്‍ പോകാന്‍ തീരുമാനിച്ചിരുന്നതാണ്. നാട്ടിലെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സനല്‍ സജീവമായിരുന്നു.