തദ്ദേശസ്ഥാപനങ്ങളെ സ്വയംഭരണാധികാരമില്ലാത്ത വകുപ്പായി തരംതാഴ്ത്തുന്നു – റസാഖ് പാലേരി

കൊടിയത്തൂർ: മൂന്നാം തല ഭരണകേന്ദ്രമായി ആരംഭിച്ച തദ്ദേശസ്ഥാപനങ്ങളെ സ്വയംഭരണാധികാരമില്ലാത്ത സർക്കാർ വകുപ്പായി തരംതാഴ്ത്താനുള്ള നീക്കമാണിപ്പോൾ കേന്ദ്രവും സംസ്ഥാന സർക്കാരുകളും നടത്തുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി കൊടിയത്തൂരിൽ സംഘടിപ്പിച്ച ജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തദ്ദേശസ്ഥാപനങ്ങളിലെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് നിലവിലെ ഭരണകൂടങ്ങളുടെ സമീപനം തികച്ചും പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. “കഴിഞ്ഞ സംസ്ഥാന ബജറ്റിൽ തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ച ഫണ്ടിൽ 30 ശതമാനം വെട്ടിക്കുറച്ചത് പ്രാദേശിക വികസനത്തെ ദുർബലപ്പെടുത്തുന്നു. ഓരോ വർഷവും ഫണ്ടിൽ കുറവ് വരുന്നതോടെ വികേന്ദ്രീകൃത ഭരണത്തിന്റെ ആത്മാവാണ് നഷ്ടപ്പെടുന്നത്,” റസാഖ് പാലേരി ചൂണ്ടിക്കാട്ടി.

ഒരു ഘട്ടത്തിൽ കേന്ദ്രം അനുവദിച്ച 7012 കോടി രൂപയിൽ 2206 കോടി രൂപയും തദ്ദേശസ്ഥാപനങ്ങളിലേക്ക് വിട്ടുതരാതെ സംസ്ഥാന സർക്കാർ കൈവശം വെച്ചുവെന്ന് സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കിയതായി അദ്ദേഹം ഓർമ്മിപ്പിച്ചു. “തദ്ദേശസ്ഥാപനങ്ങൾക്കുള്ള സഹായം 31,486 കോടിയിൽ നിന്ന് 22,192 കോടിയായി വെട്ടിക്കുറച്ചതും, ലൈഫ് മിഷൻ പദ്ധതിക്ക് നീക്കിവെച്ച 682 കോടിയിൽ 247 കോടി മാത്രമാണ് നൽകിയതും സർക്കാരിന്റെ സമീപനത്തെ തെളിയിക്കുന്നു,” അദ്ദേഹം ആരോപിച്ചു.

ലൈഫ് മിഷൻ പദ്ധതിയിൽ 20 ശതമാനം തുക ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നു കണ്ടെത്തണമെന്ന സർക്കാർ തീരുമാനം തദ്ദേശസ്ഥാപനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതായും റസാഖ് പാലേരി പറഞ്ഞു. “ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികൾക്ക് ആവശ്യമായ ഫണ്ടില്ലാതെ വികസനപദ്ധതികൾ നടപ്പാക്കാനാവാതെ അവർ ജനങ്ങൾക്കു മുന്നിൽ അപമാനിതരാകുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരാതെ തുല്യമായ വിഭവവിതരണവും അധികാരപങ്കാളിത്തവും ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “പ്രതിസന്ധികൾക്കിടയിലും വെൽഫെയർ പാർട്ടി ജനപ്രതിനിധികൾ കഴിഞ്ഞ അഞ്ച് വർഷമായി അസാധാരണമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. ക്ഷേമവാർഡുകൾ ലക്ഷ്യമാക്കി അഴിമതിയില്ലാത്ത പ്രവർത്തനം ഉറപ്പാക്കുകയും എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി ഗ്രാമസഭകൾക്ക് ജനപങ്കാളിത്തം വർധിപ്പിക്കുകയും ചെയ്തു,” റസാഖ് പാലേരി വ്യക്തമാക്കി.

ജനസഭയിൽ ‘വെൽഫെയർ വാർഡ്’ പദ്ധതിയെക്കുറിച്ച് വിവിധ വിദഗ്ധരും ജനപ്രതിനിധികളും പങ്കെടുത്ത പാനൽ ചര്‍ച്ച നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ് മോഡറേറ്ററായിരുന്നു. സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, കൊല്ലം ജില്ലാ പ്രസിഡന്റ് ഷെഫീഖ് ചോഴിയക്കോട്, പാങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. റജീന, പീപ്പിൾസ് ഫൗണ്ടേഷൻ പ്രതിനിധി ഡോ. വി.എം. നിഷാദ്, മുക്കം മുനിസിപ്പാലിറ്റി കൗൺസിലർ ഗഫൂർ മാസ്റ്റർ, ജില്ലാ സെക്രട്ടറി ശശീന്ദ്രൻ ബപ്പങ്ങാട് എന്നിവർ പാനൽ ചര്‍ച്ചയിൽ പങ്കെടുത്തു.

വെൽഫെയർ പാർട്ടി ജനപ്രതിനിധികൾ കഴിഞ്ഞ അഞ്ചുവർഷം നടത്തിയ വികസന പ്രവർത്തനങ്ങളുടെ അവതരണവും അടുത്ത തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ വികസന ആശയരേഖയും ജനസഭയിൽ അവതരിപ്പിച്ചു.

പ്രസംഗങ്ങളുടെ ഉദ്ഘാടന സെഷനിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ. മാധവൻ ആശംസ പ്രസംഗം നടത്തി. സംസ്ഥാന സെക്രട്ടറി പ്രേമ പിഷാരടി സ്വാഗതവും പ്രോഗ്രാം കൺവീനർ ഷംസുദ്ദീൻ ചെറുവാടി നന്ദിയും രേഖപ്പെടുത്തി.

spot_img

Related Articles

Latest news