ഡല്‍ഹി ബില്‍ രാഷ്ട്രപതി ഒപ്പുവച്ചു; മുഖ്യമന്ത്രി നോക്കുകുത്തി

കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം

ന്യൂഡല്‍ഹി: ഡല്‍ഹി ബില്ലില്‍ (നാഷണല്‍ കാപ്പിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി-ഭേദഗതി) രാഷ്ട്രപതി ഒപ്പുവച്ചു. ഡല്‍ഹിയില്‍ സര്‍ക്കാരിന് പകരം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലാണിത്. എ.എ.പിയുടെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും കടുത്ത എതിര്‍പ്പിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ല് പാസാക്കിയത്.

ബുധനാഴ്ച ബില്ല് പാസാക്കുന്നതിനിടെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. ഡല്‍ഹി സര്‍ക്കാര്‍ എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുപകരം ലെഫ്.ഗവര്‍ണര്‍ എന്ന നിര്‍വചനം നല്‍കിക്കൊണ്ടുള്ളതാണ് ഭേദഗതി. സര്‍ക്കാരിന്റെ എല്ലാ നടപടികളും പദ്ധതികളും ലെഫ്. ഗവര്‍ണറുമായി കൂടിയാലോചിക്കാതെയോ അനുമതി വാങ്ങാതെയോ ചെയ്യാനാവില്ല. സംസ്ഥാന സര്‍ക്കാരിനുള്ള എല്ലാ അവകാശവും അധികാരവും കവര്‍ന്നെടുക്കുന്നതാണ് പുതിയ ഭേദഗതി.

ദേശീയ തലസ്ഥാനവുമായി ബന്ധപ്പെട്ട നിയമത്തിലെ 21, 24, 33, 44 വകുപ്പുകളില്‍ ഭേദഗതിക്കായാണ് ബില്ലവതരിപ്പിച്ചത്. ഡല്‍ഹി നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളാണ് 21-ാം വകുപ്പില്‍. അതില്‍ സര്‍ക്കാര്‍ എന്നു പറയുന്നിടത്തെല്ലാം ലെഫ്റ്റനന്റ് ഗവര്‍ണര്‍ എന്നര്‍ഥമാക്കണമെന്നാണ് ബില്ലിലുള്ളത്.

നിയമസഭ പാസാക്കുന്ന ബില്ലിന് അനുമതി നല്‍കുകയോ തടഞ്ഞുവെക്കുകയോ രാഷ്ട്രപതിക്കു വിടുകയോ ചെയ്യാനുള്ള അധികാരം 24-ാം വകുപ്പു പ്രകാരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കുണ്ട്.

നിയമസഭയുടെ അധികാരത്തിനു പുറത്തുള്ള ഏതു വിഷയവും ബില്ലിലൂടെ ഇതിന്റെ ഭാഗമാക്കി. ചില ചട്ടങ്ങളുണ്ടാക്കുന്നതിന് നിയമസഭയെ 33-ാം വകുപ്പിലെ ഭേദഗതി വിലക്കുന്നു. ഭരണപരമായ നടപടികള്‍ക്ക് ലെഫ്റ്റനന്റ് ഗവര്‍ണറുടെ അഭിപ്രായം തേടണമെന്ന് 44-ാം ഭേദഗതി നിര്‍ദേശിക്കുന്നു.

spot_img

Related Articles

Latest news