ദമാം – ദൽഹിയിൽ നിന്ന് ആരോഗ്യ പ്രവർത്തകരെയുമായുള്ള ആദ്യ വിമാനം വെള്ളിയാഴ്ച രാവിലെ ദമാമിലെത്തി. ഇൻഡിഗോയുടെ വിമാനമാണ് രാവിലെ 10.15ന് ദമാം വിമാനതാവളത്തിലെത്തിയത്.
ദൽഹിയിൽനിന്ന് ദമാമിലേക്ക് ആരോഗ്യ പ്രവർത്തകരെ വഹിച്ചുള്ള ആദ്യവിമാനമാണിത്. നേരത്തെ കൊച്ചിയിൽ നിന്ന് റിയാദ്, ജിദ്ദ എന്നിവടങ്ങളിലേക്ക് ആരോഗ്യ പ്രവർത്തകരെയുമായുള്ള വിമാനം സർവീസ് നടത്തിയിരുന്നു. ജുബൈലിലെ അൽമന ആശുപത്രിയിലെ ഡോ. അബ്ദുൽ നാസർ, ഡോ.ഫർഹാന, മക്കളായ അരിബ, ഹിബ എന്നിവർ അലീഗഢിൽ നിന്ന് ദൽഹി വഴിയാണ് ജിദ്ദയിൽ എത്തിയത്.
സൗദിയിൽ ചാർട്ടേഡ് സംവിധാനം ഒരുക്കുന്ന ഫ്ളൈ സമീൽ എന്ന കമ്പനിയാണ് ആരോഗ്യ പ്രവർത്തകരെ ദൽഹിയിൽ നിന്ന് ദമാമിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചത്. ഈ കമ്പനി ഇതോടകം ഇരുന്നൂറോളം ചാർട്ടേഡ് സർവീസുകൾ ഇന്ത്യയിലേക്ക് നടത്തിയിട്ടുണ്ട്.
ചെയർമാൻ അബ്ദുറഹ്മാൻ ഫഹദ് അൽ ജാബിർ, എം.ഡി അബ്ദുൽ ലത്തീഫ് അബ്ദുൽ അസീസ് അൽ ജാബിർ എന്നിവരാണ് ഫ്ളൈ സമീൽ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.