വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന ഡല്‍ഹി വംശീയാതിക്രമത്തിന് ഒരാണ്ട്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വംശീയാതിക്രമത്തില്‍ ഇരകള്‍ക്ക് നീതി ലഭിച്ചില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. രാഷ്ട്രീയ താല്പര്യങ്ങള് നിറവേറ്റാനും ബി.ജെ.പി നേതാക്കളെ രക്ഷിക്കാനുമായി നീതി അട്ടിമറിക്കുകയായിരുന്നു. വംശീയാതിക്രമ ഇരകള്‍ക്കായുള്ള പുനരധിവാസ പദ്ധതികളും നിയമ നടപടികളും ഇരകള്ക്കിടയില് നടത്തിയ സര്‍വേ വിവരങ്ങളും ഉള്‍ക്കൊള്ളിച്ച് സി.പി.എം ഡല്‍ഹി ഘടകം തയാറാക്കിയ റിപ്പോര്‍ട്ട് പുറത്തിറക്കിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വൃന്ദ.
വംശീയാതിക്രമത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കളെ എങ്ങനെയാണ് സംരക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ കാണിച്ചുതന്നു. സര്‍ക്കാറിനോടുള്ള വിയോജിപ്പ് ദേശവിരുദ്ധതക്ക് തുല്യമാണ്. നിങ്ങള്‍ കാവിവസ്ത്രം ധരിക്കുകയും ബി.ജെ.പി പതാക പിടിക്കുകയും ചെയ്താല്‍ ദേശവിരുദ്ധത ദേശസ്നേഹമാവുമെന്നും അവര്‍ കുറ്റപ്പെടുത്തി.
വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന വംശീയാതിക്രമത്തിന് ഒരാണ്ട് പൂര്‍ത്തിയായ ചൊവ്വാഴ്ച ഡല്‍ഹി പ്രസ്ക്ലബ് ഓഫ് ഇന്ത്യയില്‍ ഇരകളായവരെ അടക്കം പങ്കെടുപ്പിച്ചായിരുന്നു വാര്‍ത്തസമ്മേളനം. പുസ്തക രൂപത്തിലാണ് സര്‍വേ റിപ്പോര്‍ട്ട്.
വംശീയാതിക്രമത്തിനു പിന്നിലുണ്ടായ കാരണങ്ങള്‍, വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ പ്രാദേശിക പശ്ചാത്തലം, മറ്റു വിവരങ്ങള്‍, അക്രമം നടക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്വീകരിച്ച നിലപാടുകള്‍, കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍, പരിക്കേറ്റവര്‍, വീടുകള്‍, ജീവനോപാധികള്‍ തുടങ്ങിയവ ഇല്ലാതായവരുടെ കണക്കുകള്‍, പാര്‍ട്ടി നടത്തിയ പുനരധിവാസ പദ്ധതികള്‍ തുടങ്ങിയവ റിപ്പോര്‍ട്ടിലുണ്ട്. ഇരകളായവര്‍ക്ക് ആദ്യ ഘട്ടത്തില്‍ ഭക്ഷണം, വസ്ത്രം, മെഡിക്കല്‍, നിയമ സഹായങ്ങള്‍ നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടാം ഘട്ടത്തില്‍ മരിച്ചവരുടെ കുടുംബത്തിനും ഗുരുതരമായി പരിക്കേറ്റവര്‍ക്കും സാമ്പത്തിക സഹായം നല്കി. ജീവനോപാധി നഷ്ടമായവരുടെ പുനരധിവാസം, വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് തുടങ്ങിയവയാണ് മൂന്നാം ഘട്ടത്തില്‍. വൈദഗ്ധ്യ പരിശീലന കേന്ദ്രമാണ് നാലാം ഘട്ടം. ഇത് ഉടന്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.